ആയിഷ, ക്രൂരതയുടെ നേര്‍ചിത്രത്തിന് അംഗീകാരം

Webdunia
ശനി, 12 ഫെബ്രുവരി 2011 (13:39 IST)
PRO
ലോകം ഞെട്ടലോടെ കണ്ട ഒരു ഫോട്ടോയ്ക്ക് വിഖ്യാതമായ അംഗീകാരം. താലിബാന്‍ ശിക്ഷാവിധിയനുസരിച്ച് ഭര്‍ത്താവ് മൂക്കും ചെവികളും ഛേദിച്ചുകളഞ്ഞ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ദയനീയ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് 2010ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ്. ജോദി ബീബര്‍ എന്ന ദക്ഷിണാഫ്രിക്കക്കാരിയായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ക്കാ‍ണ് സമ്മാ‍നം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലെ ടൈം മാഗസിന്‍റെ മുഖചിത്രമായിരുന്നു താലിബാന്‍ ക്രൂരതക്കിരയായ പതിനെട്ടുകാരി ബീബി ആയിഷയുടെ ചിത്രം. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികര്‍ രക്ഷപ്പെടുത്തിയ പെണ്‍കുട്ടി പിന്നീട് അമേരിക്കയിലെത്തി. ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായ യുവതി മുഖസൌന്ദര്യം വീണ്ടെടുത്തിട്ടുണ്ട്.

നാല്‍പ്പത്തിനാലുകാരിയായ ബീബര്‍ എട്ടാമത്തെ തവണയാണ് പ്രസ്സ് ഫോട്ടോ അവാര്‍ഡ് നേടുന്നത്. ദക്ഷിണാഫ്രിക്കയെക്കുറിച്ച് ഇവര്‍ രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരായ ഒരു പ്രവര്‍ത്തനമെന്ന നിലയ്ക്കാണ് ബീബറിന്‍റെ ഫോട്ടോയ്ക്ക് സമ്മാനം നല്‍കുന്നതെന്ന് ജൂറി പറഞ്ഞു. 1984ല്‍ നാ‍ഷണല്‍ ജ്യോഗ്രഫിക് ചാനലിന്‍റെ മുഖച്ചിത്രമായി വന്ന തീക്ഷ്ണമായ കണ്ണുകളുള്ള അഫ്ഗാന്‍ യുവതിയുടെ ചിത്രത്തിന് ഒപ്പം നില്‍ക്കുന്നതാണ് ഈ ചിത്രവുമെന്ന് ജൂറി പറഞ്ഞു.

ടൈം മാഗസിന്‍ ആയിഷയുടെ ചിത്രം പ്രസിദ്ധീകരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഭൂരിപക്ഷവും മാഗസിന്‍റെ നടപടിയോട് യോജിക്കുകയാണുണ്ടായത്. മാഗസിനു വേണ്ടി ആയിഷ പോസ് ചെയ്തത് താലിബാന്‍ ഭീകരതയെ ലോകം ഏറ്റവുമടുത്ത് കാണണമെന്ന ആഗ്രഹം മൂലമായിരുന്നുവെന്ന് ബീബര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ചിലിയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രഫര്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്. 23 രാഷ്ട്രങ്ങളില്‍ നിന്നുള്ള 56 ഹോട്ടോഗ്രാഫര്‍മാര്‍ക്ക് വിവിധ വിഭാഗങ്ങളിലായി സമ്മാനമുണ്ട്.