ആണവ നിരായുധീകരണം: ഉത്തരകൊറിയ സഹകരിക്കില്ല

Webdunia
ചൊവ്വ, 12 ജനുവരി 2010 (18:02 IST)
രാജ്യത്തിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കി സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാകുന്നതുവരെ ആണവ നിരായൂധീകരണ ചര്‍ച്ചകളില്‍ ഉത്തരകൊറിയ സഹകരിക്കില്ല. ഒരു മുതിര്‍ന്ന ഉത്തരകൊറിയന്‍ നയതന്ത്ര പ്രതിനിധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചര്‍ച്ചകള്‍ക്ക് തയ്യാറാവാന്‍ ഇറാന്‍ യുഎസിനോടും മറ്റ് പ്രമുഖ രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ പ്രതികരണം. എന്നാല്‍ ഏറെ നാളായി സ്തംഭിച്ചിരിക്കുന്ന ഷഡ്‌രാഷ്ട്ര ആണവ നിരായൂധീകരണ ചര്‍ച്ചകളില്‍ സഹകരിക്കാന്‍ സ്വയം തയ്യാറാകുകയാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിന് മുമ്പ് ഇറാന്‍ ചെയ്യേണ്ടതെന്നാണ് വൈറ്റ് ഹൌസ് വ്യക്തമാക്കിക്കഴിഞ്ഞു.

അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുകയാണെങ്കില്‍ ഈ വിഷയത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുമെന്ന് ഉത്തരകൊറിയയുടെ ചൈനീസ് അംബാസിഡര്‍ ചോ ജിന്‍ സൂ അറിയിച്ചു. രാജ്യത്തിനു മേലുള്ള വിലക്കുകള്‍ നീക്കിയാല്‍ മാത്രമേ ആറ് രജ്യങ്ങളുമായുള്ള ആണവ ചര്‍ച്ച പുനരാരംഭിക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു. ഉത്തര കൊറിയയും യുഎസും തമ്മിലാണ് ആദ്യം ചര്‍ച്ച നടക്കേണ്ടതെന്നും ചോ പറഞ്ഞു.

2009 മേയിലാണ് ഇറാന്‍ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രതിഷേധത്തിനും യു‌എന്‍ വിലക്കേര്‍പ്പെടുത്തുന്നതിനും ഇത് കാരണമായിരുന്നു. വടക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായാണ് യുഎസ് ഉത്തരകൊറിയയെ വിശേഷിപ്പിക്കുന്നത്. ആണവ പദ്ധതികള്‍ അവസാ‍നിപ്പിച്ചാല്‍ മാത്രം ചര്‍ച്ച എന്ന ബുഷ് ഭരണകൂടത്തിന്‍റെ നയം തന്നെയാണ് ഒബാമ സര്‍ക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

കൊറിയന്‍ യുദ്ധം തുടങ്ങി അറുപതാമത്തെ വര്‍ഷമാണിത്. 1953 ല്‍ പോരാട്ടത്തിന് അയവു വന്നെങ്കിലും ഇതുവരെയും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആയിട്ടില്ലെന്നുള്ളതാണ് പ്രമുഖ ശക്തികളെ അസ്വസ്ഥരാക്കുന്നത്.