അറബ് മാധ്യമസ്ഥാപനമായ അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തകര്‍ ഈജിപ്തിലെ കെയ്‌റോവില്‍ അറസ്റ്റിലായി. ഈജിപ്ത് സുരക്ഷാ സേനയാണ് ഈജിപ്റ്റിലെ അല്‍ ജസീറ സംഘത്തെ അറസ്റ്റ് ചെയ്തത്. ലേഖകനായ പീറ്റര്‍ ഗ്രെസ്റ്റ്, നിര്‍മ്മാതാക്കളായ മുഹമ്മദ് ഫദല്‍ ഫഹ്മി, ബഹെര്‍ മുഹമ്മദ്, ക്യാമറാമാന്‍ മുഹമ്മദ് ഫവാസി എന്നിവരാണ് ഞായറാഴ്ച വൈകുന്നേരം അറസ്റ്റിലായത്. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുമായി നിയമവിരുദ്ധമായി കൂടിക്കാഴ്ച നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇവരുടെ ക്യാമറകളും മറ്റ് വസ്തുക്കളും കെയ്‌റോയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.ദേശീയ സുരക്ഷയ്ക്ക് അപകടകരമാം വിധം മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. റോയിട്ടേഴ്‌സ്, ബിബിസി തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ആളാണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന പീറ്റര്‍ ഗ്രെസ്റ്റ്.
ജൂലൈ 3ന് മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് മുര്‍സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതിനു ശേഷം രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി മോശമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ ധ്രുവീകരണവും തുടര്‍ന്നുണ്ടായ തെരുവ് പ്രക്ഷോഭത്തിലും ആറോളം മാധ്യമപ്രവര്‍ത്തകരാണ് 2013ല്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടത്. ഇതേസമയം മാധ്യമപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് അല്‍ജസീറ ആവശ്യപ്പെട്ടു.