അമ്മയെ മര്‍ദിച്ച യുവാവിന് അഞ്ച് വര്‍ഷം തടവും 2,400 ചാട്ടവാറടിയും ശിക്ഷ. സൗദിയിലെ മക്ക കോടതിയാണ് മുപ്പതുകാരനായ യുവാവിന് ശിക്ഷ വിധിച്ചത്. മകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ അമ്മയുടെ നിരവധി പല്ലുകള്‍ കൊഴിഞ്ഞിട്ടുണ്ട്.
കാറില്‍ യാത്ര ചെയ്യുമ്പോഴാണ് യുവാവില്‍ നിന്ന് മാതാവിന് മര്‍ദനമേറ്റത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ അഭയം തേടുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയും മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മക്ക കോടതി ജഡ്ജി തുര്‍ക്കി അല്‍ കര്‍നിയുടെതാണ് വിധി.
പരസ്യമായി 60 ചാട്ടവാറടി വീതം 40 തവണയായി നടപ്പിലാക്കാനാണ് കോടതി ഉത്തരവ്. മാത്രവുമല്ല യുവാവിന്റെ പല്ല് പറിച്ചെടുക്കാനും ജഡ്ജി കല്‍പ്പിച്ചിട്ടുണ്ട്. മര്‍ദനത്തിനിരയായ ആളുടെ അതേ അളവില്‍ തന്നെ മര്‍ധിച്ചവനും ശിക്ഷ എന്ന സൗദി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജി ശിക്ഷ വിധിച്ചത്.