അമേരിക്കയെ ആക്രമിക്കാന്‍ അല്‍ഖ്വയ്ദ നേതാവ് സവാഹിരിയുടെ ആഹ്വാനം

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2013 (08:12 IST)
PRO
PRO
അമേരിക്കയെ ആക്രമിക്കാന്‍ അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ ആഹ്വാനം. ചെറിയ ചെറിയ ആക്രമണങ്ങളിലൂടെ അമേരിക്കയെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കണമെന്നും അഫ്ഗാനിലും യെമനിലും ഇറാഖിലും അമേരിക്കക്കെതിരെ പരീക്ഷിച്ച് വിജയിച്ച ഗറില്ലാ ആക്രമണരീതി അമേരിക്കയിലും നടപ്പാക്കണമെന്നും അണികള്‍ക്ക് സവാഹിരി നിര്‍ദ്ദേശം നല്‍കി.

വീഡിയോ സന്ദേശത്തിലൂടെയാണ് അമേരിക്കയില്‍ ആക്രമണം നടത്തണമെന്ന് സവാഹിരി അണികളെ അഹ്വാനം ചെയ്തത്. അമേരിക്കയുടെ സിറിയന്‍, ഈജിപ്ഷ്യന്‍ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് വീഡിയോ ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

സവാഹിരിയുടെ ആക്രമണ അഹ്വാനം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക വേളയിലാണ്. ഏപ്രില്‍ 15ന് നടന്ന ബോസ്റ്റണ്‍ സ്‌ഫോടനത്തെയും സവാഹിരി പ്രകീര്‍ത്തിച്ചു.

മുസ്ലീം ജനത അമേരിക്കയില്‍ നിന്നും അവരുടെ സഖ്യരാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും യുഎസ് ഡോളര്‍ ഉപേക്ഷിക്കണമെന്നും സവാഹിരി ആഹ്വാനം ചെയ്തു.

മുസ്ലീം രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ സൈനിക ശേഷി വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സവാഹിരി പറയുന്നത്. കൂടാതെ ഈജിപ്തിലെ സര്‍ക്കാര്‍ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്നും സവാഹിരി പറഞ്ഞു.