2014- ന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യസേനാ സാന്നിധ്യം സംബന്ധിച്ച് അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണയിലെത്തി. കരാറിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് അഫ്ഗാനിസ്താനിലെ പണ്ഡിതസഭയായ 'ലോയ ജിര്‍ഗ'യുടെ നാല് ദിവസത്തെ സമ്മേളനം കാബൂളില്‍ തുടങ്ങി.
15,000- ത്തോളം വിദേശ സൈനികര്‍ താലിബാനെ നേരിടുന്നതിന് സര്‍ക്കാറിനെ സഹായിക്കാന്‍ രാജ്യത്ത് തുടരും. 75,000-ത്തോളം നാറ്റോ സൈനികര്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലുണ്ട്. അടുത്തവര്‍ഷത്തോടെ ഇവരില്‍ ഭൂരിഭാഗവും പിന്‍വാങ്ങാന്‍ നേരത്തേ തീരുമാനമായിരുന്നു. അതിനുശേഷമുള്ള സൈനികസാന്നിധ്യം സംബന്ധിച്ചാണ് ചര്‍ച്ചകള്‍.
നിര്‍ദേശം സ്വീകാര്യമാണെന്നും എന്നാല്‍ അടുത്തവര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനുശേഷമേ കരാര്‍ ഒപ്പുവെക്കൂ എന്നും പ്രസിഡന്‍റ് ഹമീദ് കര്‍സായി അറിയിച്ചു. സേനയെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചില വ്യവസ്ഥകളുണ്ടാക്കിയതായി യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. 2024 അവസാനംവരെ പ്രാബല്യമുള്ള കരാറിനാണ് രൂപംനല്‍കിയത്. പ്രതിവര്‍ഷം 400 കോടി ഡോളര്‍ അമേരിക്ക അഫ്ഗാനിസ്താന് സൈനികസഹായം നല്‍കുന്നുണ്ട്.
യു.എസ്. സൈനികര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പ്രാദേശിക കോടതികളിലോ അഫ്ഗാന്‍ നിയമമനുസരിച്ചോ വിചാരണ ചെയ്യാനാവില്ലെന്ന വ്യവസ്ഥയുണ്ട്. ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ യുഎസ് സേനയ്ക്ക് അഫ്ഗാന്‍ പൗരന്‍മാരുടെ വീട്ടില്‍ പ്രവേശിക്കാനും അനുമതിയുണ്ട്. രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്തില്ലെന്ന് അമേരിക്ക ഉറപ്പുനല്‍കിയിട്ടുണ്ട്.