അഫ്ഗാനില്‍ 11 ഭീകരര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 27 മാര്‍ച്ച് 2009 (16:41 IST)
അഫ്ഗാനിസ്ഥാന്‍റെ തെക്കന്‍ പ്രവിശ്യയില്‍ അന്താരാഷ്ട്ര സേനയുടെ സഹായത്തോടെ അഫ്ഗാന്‍ സൈന്യം നടത്തിയ തെരച്ചിലില്‍ 11 ഭീകരരെ വധിച്ചു. ഹെല്‍മന്ദ് പ്രവിശ്യയില്‍ വ്യാഴാഴ്ച രാത്രിയാണ് തെരച്ചില്‍ ആരംഭിച്ചതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന ഭീകരരെയാണ് വധിച്ചതെന്ന് യു എസ് സൈന്യം അവകാശപ്പെട്ടു.

ഒരു ഭീകരനെ ജീവനോടെ പിടികൂടാനായതായി സൈന്യം അവകാശപ്പെടുന്നു. തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിവച്ചതിനെ തുടര്‍ന്നാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്.

സ്ത്രീകളേയും കുട്ടികളേയും മറയാക്കി തീവ്രവാദികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല.

അതേസമയം ഹെല്‍മന്ദ് പ്രവിശ്യയിലെ നഹ്‌റി സറാജ് ജില്ലയില്‍ ഒരു പൊലീസ് ഔട്ട് പോസ്റ്റിനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടു. അര മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റതായി പൊലിസ് വക്താവ് പറഞ്ഞു

അതേസമയം താലിബാനെ നേരിടാന്‍ അഫ്ഗാന്‍ സൈനികരെ പരിശീലിപ്പിക്കുന്നതിന് 4000 സൈനികരെ കൂടി അഫ്ഗാനിലേയ്ക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ച 17000 സൈനികര്‍ക്ക് പുറമെയാണിത്. അഫ്ഗാനിലെ താലിബാന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐയുടെ സഹായം ലഭിക്കുന്നതായി കഴിഞ്ഞ ദിവസം ആരോപണമുണ്ടായിരുന്നു.