എഫ് വണ്‍ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ ഡ്രൈവര്‍, ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ലോക ചാമ്പ്യന്‍, എഫ് വണ്‍ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍. ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണെ വിവരിക്കാന്‍ പുതിയ വിശേഷണങ്ങള്‍ കണ്ടു പിടിക്കുന്ന തിരക്കിലാണ് ടാബ്ലോയ്ഡുകള്‍.
കാറോട്ട വിജയത്തേക്കാള്‍ ഗേള്‍ ഫ്രണ്ടുകളുടെ കാര്യത്തില്‍ സമ്പന്നനായ മക്ലാറന്‍ മെഴ്സിഡസ് സാരഥിയുടെ മാറ്റത്തിനു പിന്നിലെ രഹസ്യം കൂടി ബ്രിട്ടീഷ് ടാബ്ലോയ്ഡുകള്‍ കണ്ടെത്തി. സംഗീത രംഗത്ത് ഏറെ പ്രശസ്തയായ അമേരിക്കന്‍ പോപ് ഗായികയായ നിക്കോള്‍ ഷെര്‍സിംഗറാണ് താരത്തെ മാറ്റിമറിച്ചത്.
ഹാമില്‍ട്ടണേക്കാള്‍ ഏഴ് വയസ്സ് കൂടുതലുള്ള 30 കാരിയായ ഷെര്‍സിംഗര്‍ പാട്ടെഴുത്തുകാരി, ഡാന്‍സര്‍, മോഡല്‍, അഭിനേത്രി എന്നിങ്ങനെയെല്ലാം പ്രശസ്തയാണ്.സാവോ പോളോയില്‍ ഹാമില്‍ട്ടണ്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ പട്ടം സ്വീകരിച്ച ശേഷം ഷെര്‍സിംഗര്‍ കാമുകനെ ചുംബനം കൊണ്ട് പൊതിഞ്ഞു കളഞ്ഞു.
ഇരുവരും തമ്മിലുള്ള പ്രണയത്തിന് ഒരു വയസ്സ് മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ നവംബറില്‍ എം ടി വിയുടെ യൂറോപ്പ് അവാര്‍ഡിനിടയിലാണ് ഇരുവരും തമ്മില്‍ കണ്ട് മുട്ടുന്നത്. അതിനു ശേഷം ഇരുവരും തമ്മില്‍ പിരിയാന്‍ വയ്യാത്ത വിധം അടുത്തു. പ്രഥമ ദര്‍ശനത്തില്‍ താന്‍ ഹാമില്‍ട്ടണെ പ്രണയിക്കാന്‍ തുടങ്ങിയെന്ന് പാട്ടുകാരി പറയുന്നു.
ആരാധകരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള തന്ത്രങ്ങളും കാമുകി ഹാമില്‍ട്ടണ് പറഞ്ഞു കൊടുത്തിട്ടുണ്ട്‍. കുടുംബത്തോടൊപ്പം ചേര്‍ന്ന് നിന്നാല്‍ മണ്ണില്‍ കാലുറപ്പിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ലഭിക്കുമെന്നതാണ് ഫിലിപ്പിനോ റഷ്യന്‍ വംശജയായ നിക്കോള്‍ കാമുകന് നല്‍കുന്ന ഉപദേശം.
തന്നെ പോലെ തന്നെ ലൂയിസും കുടുംബത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ആളാണെന്ന് നിക്കോള്‍ പറയുന്നു. എന്നാല്‍ ഹാമില്‍ട്ടണ്‍ നേരത്തേ മിസ് ഗ്രനേഡയായിരുന്ന സുന്ദരി വിവിയാ ബുര്‍ഖാര്‍ഡ്ടുമായും ഗായിക നവോമി കാംബെല്ലുമായും പ്രണയിച്ച വിവരമെല്ലാം ഷെര്‍സിംഗറിന് അറിയാമെന്നതാണ് വസ്തുത. ഇവരെല്ലാം തനിക്ക് സ്വന്തം ചേച്ചിമാരെ പോലെയാണെന്ന് സുന്ദരി പറയുന്നു.