സാഹസികരേ, മുംബൈയിലേക്ക് സ്വാഗതം !

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2015 (17:25 IST)
സാഹസികമായി ജീവിക്കുക എന്നത് ഒരു ജീവിതശൈലി തന്നെയാണ്. അപകടകരമായി ജീവിക്കുക എന്നും പറയാം. എല്ലാ ദിവസവും എല്ലാ റിസ്കുമെടുത്ത് ജീവിക്കുക. അത് ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട് നമുക്കിടയില്‍ തന്നെ. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ആനന്ദം പകരുന്ന സ്ഥലങ്ങള്‍ എത്രയെങ്കിലുമുണ്ട് ഇന്ത്യയില്‍. നിങ്ങള്‍ അങ്ങനെയുള്ളവരാണെങ്കില്‍ മുംബൈയിലേക്ക് പോകുന്നത് ഒരു നല്ല ഓപ്ഷനാണ്.  
 
മഹാരാഷ്ട്ര ടര്‍ക്കര്‍ളിയിലെ മാല്‍‌വന്‍ ബീച്ച് കടലില്‍ നീന്തുന്നവര്‍ക്ക് ഏറെ ഇഷ്ടമാകുന്ന സ്ഥലമാണ്. അണ്ടര്‍‌വാട്ടര്‍ അട്രാക്ഷന്‍സ് ഒരുപാടുള്ള ഒരു ഹോളിഡേ ഡെസ്റ്റിനേഷനാണിത്. സഞ്ചാരികള്‍ സ്നോര്‍ക്കലിംഗിനാണ് ഇവിടെ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. നിങ്ങള്‍ ഒരു വിദഗ്ധനായ സ്നോര്‍കെല്ലറ് ആണെങ്കിലും ഈ വിനോദത്തില്‍ പുതിയ ആളാണെങ്കിലും ഇവിടെ ഇക്കാര്യത്തില്‍ പരിശീലനം സിദ്ധിച്ച ഒരു ഗൈഡിന്‍റെ സഹായം ലഭിക്കുന്നതാണ്. 
 
കടലില്‍ ഒരു ചെറുതോണിയിറക്കി ഒറ്റയ്ക്ക് തുഴഞ്ഞുപോകാന്‍ നിങ്ങള്‍ക്ക് ആഗ്രമുണ്ട് എങ്കില്‍ മുംബൈയിലെ മാണ്ഡ്‌വയിലേക്ക് വരുക. കയാക്കിംഗിനാണ് ഇവിടം പ്രശസ്തം. ജലകായിക വിനോദങ്ങള്‍ക്കും നല്ല കടല്‍ വിഭവങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഭക്ഷണത്തിനും പേരുകേട്ടതാണ് മാണ്ഡ്‌വ. ധാരാളം സ്വകാര്യ സ്ഥാപനങ്ങള്‍ മാണ്ഡ്‌വയിലേക്ക് സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. വീക്കെന്‍ഡുകളില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒരു ദിവസത്തില്‍ കൂടുതല്‍ ഇവിടെ ചെലവഴിക്കുന്നവര്‍ക്കായി ഗസ്റ്റ് ഹൌസുകളും ടെന്‍റുകളും അടങ്ങിയ സൌകര്യങ്ങളുണ്ട്.
 
റാഫ്റ്റിംഗിന് താല്‍പ്പര്യമുള്ളവര്‍ക്ക് മുംബൈയിലെ കൊളാഡ് ചേര്‍ന്ന സ്ഥലമാണ്. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ ഗ്രാമം കുണ്ഡലിക നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. ചങ്ങാടം തുഴച്ചില്‍ക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി അറിയപ്പെടുന്നു കൊളാഡ്.
 
ഇനി ലോണാവാലയിലേക്ക് വരാം. സോര്‍ബിംഗാണ് ഇവിടുത്തെ പ്രധാന സാഹസിക വിനോദം. ഇവിടെ ആളുകള്‍ സോര്‍ബിംഗില്‍ പങ്കെടുക്കുന്ന കാഴ്ച ഒരേസമയം ആശങ്കയുണര്‍ത്തുന്നതും എന്നാല്‍ രസകരവുമാണ്. ചെളിനിറഞ്ഞ ദുര്‍ഘടമായ വഴികളിലൂടെ വാഹനമോടിക്കാനും ബൈക്ക് റേസിംഗിനും 500 മീറ്റര്‍ നീളത്തിലുള്ള കേബിളിലൂടെ സിപ്പിംഗ് നടത്താനുമൊക്കെ ഇവിടെ സൌകര്യമുണ്ട്. പുനെയില്‍ നിന്ന് രണ്ടുമണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചര്‍ ഗെയിം പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ലോണാവാലയില്‍ എത്തിച്ചേരാനാവും.