അനീഷാ പദുക്കോണിനു പ്രിയം ഗോള്‍ഫ്

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2008 (17:06 IST)
PROPRO
പിതാവ് പ്രകാശ് പദുക്കോണ്‍ രാജ്യം അറിയപ്പെടുന്ന ബാഡ്മിന്‍റണ്‍ താരം. ചേച്ചി ദീപികാ പദുക്കോണ്‍ അറിയപ്പെടുന്ന മോഡലും ബോളിവുഡിലെ ഏറെ ഹോട്ടായ നടിയും. എന്നാല്‍ ദീപികയുടെ ഇളയ സഹോദരി അനീഷാ പദുക്കോണിന്‍റെ തട്ടകം വ്യത്യസ്തമാണ്. താര കുടുംബത്തിലെ ഇളയ അംഗം തെരഞ്ഞെടുത്തത് ഗോള്‍ഫായിരുന്നു.

ചെന്നൈയില്‍ നടക്കുന്ന മദ്രാസ് ലേഡീസ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിലെ താരം മറ്റാരുമല്ല അനീഷ തന്നെ. സഹോദരിയുടെയും പിതാവിന്‍റെയും ഗമയില്‍ കളിക്കാനെത്തിയ ആളൊന്നുമല്ല അനീഷ. ഗോള്‍ഫിനെ തികച്ചും സീരിയസ്സായി തന്നെ എടുത്ത താരമാണ്. 12 വയസ്സു മുതല്‍ ഗോള്‍ഫ് രംഗത്തുള്ള തനീഷ ഇതിനകം ഏഴ് അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള സ്കൂള്‍ കുട്ടി ലാവെരി കുമാര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റില്‍ അനീഷ സില്‍‌വര്‍ വിഭാഗം കടന്നു കഴിഞ്ഞിരിക്കുകയാണ്. ചെറുപ്പത്തില്‍ പിതാവിനൊപ്പം കര്‍ണ്ണാടക ഗോള്‍ഫ് ക്ലബ്ബില്‍ സ്ഥിരമായി പോകുമായിരുന്ന അനീഷയ്‌ക്ക് ഗോള്‍ഫില്‍ ജ്വരം പതിയെ കയറുകയായിരുന്നു. പിന്നീട് അത് ഗൌരവത്തിലായി.

എല്ലാവരും വിചാരിച്ചത് അച്ഛന്‍റെ പാത താനും ദീപികയും പിന്തുടരുമെന്നായിരുന്നു എന്നാല്‍ തങ്ങള്‍ ഒരിക്കല്‍ പോലും ബാഡ്മിന്‍റണെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് അനീഷ വ്യകതമാക്കുന്നു. ദീപിക ചെറുപ്പത്തില്‍ ബാഡ്മിന്‍റണ്‍ കളിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും അതിനെ സീരിയസ്സായി എടുത്തിരുന്നില്ലെന്നും മോഡലിംഗിലായിരുന്നു കമ്പമെന്നും അനീഷ പറയുന്നു.

ആരംഭ കാലത്ത് ഹോക്കി, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയ മിക്ക ഗെയിമിലും കൈ വച്ച അനീഷയ്‌ക്ക് ഗോള്‍ഫില്‍ പ്രിയം കേറിയത് അതിനൊക്കെ ശേഷമാണ്. ഇക്കാര്യത്തില്‍ പിതാവ് പ്രകാശിനും പങ്കുണ്ട്. ഗോള്‍ഫിനെ കുറിച്ച് നല്ല ആവഗാഹമുള്ള അനീഷ പറയുന്നത് ഇന്ത്യയില്‍ വനിതാ ഗോള്‍ഫര്‍മാര്‍ക്ക് വേണ്ടത്ര പ്രചാരമില്ലെന്നാണ്.

എന്നാല്‍ ഇപ്പോള്‍ ഈ കളിയില്‍ താല്പര്യം കൂടിയിട്ടുണ്ടെന്നും ഈ രംഗത്തേക്ക് കൂടുതലായി പെണ്‍കുട്ടികള്‍ കടന്നു വരുന്നുണ്ടെന്നും അനീഷ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ മത്സരിച്ചിരുന്ന സ്മൃതി മെഹ്‌റ, വന്ദന അഗര്‍വാള്‍, പരിണീത ഗേര്‍വാള്‍, നോനിതാ ലാല്‍ ഖുറേഷി, ശാലിനി മാലിക് തുടങ്ങിയ മുന്‍ ഗാമികളെയും അനീഷ സ്മരിക്കുന്നു.