മണികര്‍ണിക എന്ന ഝാന്‍സിറാണി

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2009 (12:52 IST)
PRO
PRO
ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ രാജ്യത്തിനു വേണ്ടി ജീവിതം ഹോമിച്ച ധീരയായ രാജകുമാരിയായിരുന്നു മണികര്‍ണിക എന്ന മനു. ലക്ഷ്മീബായി എന്ന ഝാന്‍സി റാണിയായാണവര്‍ അറിയപ്പെടുന്നത്.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ ത്യാഗത്തിന്‍റെയും അര്‍പ്പണത്തിന്‍റെയും സാക്‍ഷ്യമാണ് ഝാന്‍സി റാണിയുടെ ജീവിതം. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വീര വനിതയായ ലക്ഷ്മീബായി.

രാജ്യത്തിനു വേണ്ടി ഝാന്‍സി റാണി നടത്തിയ ആത്മത്യാഗത്തിന്‍റെ ഓര്‍മ്മദിനമാണ് ജൂണ്‍ 18. 1857 ല്‍ ഒരു ജൂണ്‍ 18-നാണ് ഇതേദിവസമാണ് ഗ്വാളിയോറില്‍ ഈ കുരുന്നു ജീവന്‍ പിടഞ്ഞമര്‍ന്നത്.

1958 മാര്‍ച്ചില്‍ ബ്രിട്ടീഷുകാര്‍ ഝാന്‍സി പിടിച്ചടക്കാനെത്തി. കീഴടങ്ങില്ലെന്ന് ലക്ഷ്മീബായിയും സൈനികരും തീരുമാനിച്ചു. രണ്ടാഴ്ച കനത്ത പോരാട്ടം നടന്നു. ബ്രിട്ടീഷുകാര്‍ ഝാന്‍സിക്കുമേല്‍ കനത്ത ഷെല്‍വര്‍ഷം നടത്തി. യുദ്ധത്തില്‍ ഝാന്‍സിയിലെ വീരവനിതകളും പങ്കെടുത്തു. ഒടുവില്‍ ഝാന്‍സിയില്‍ സൈനിക ബലമുള്ള ബ്രിട്ടീഷുകാര്‍ പിടിമുറുക്കി.

സൈന്യം നഗരത്തില്‍ കടന്നതോടെ പിടികൊടുക്കാതിരിക്കാന്‍ ലക്ഷ്മിബായി ശ്രദ്ധിച്ചു. പുരുഷനെപ്പോലെ വേഷം ധരിച്ച്, കുഞ്ഞായിരുന്ന മകന്‍ ദാമോദറിനെ പുറകെ വച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കടിഞ്ഞാണ്‍ വായില്‍ കടിച്ചു പിടിച്ച് അവര്‍ സ്വയം പൊരുതാനിറങ്ങി - മാതൃഭൂമിയെ കാക്കാന്‍.

സ്ഥിതിഗതികള്‍ അനുകൂലമല്ലെന്ന് കണ്ടപ്പോള്‍ ഝാന്‍സിയില്‍ നിന്നവര്‍ തന്ത്രപരമായി മാറി നിന്നു. കല്പിയിലേക്കാണവര്‍ പോയത്. അവിടെയും പൊരിഞ്ഞ യുദ്ധം നടക്കുന്നു. യുദ്ധനായകന്‍ താന്തിയാതോപ്പി .പിന്നീടവര്‍ ഗ്വാളിയോറിലേക്ക് തിരിച്ചു. ഭീകരമായ യുദ്ധമായിരുന്നു അവിടേയും നടന്നത്. രണ്ടാം ദിവസത്തെ യുദ്ധത്തില്‍ രാജകുമാരി വീരമൃത്യു വരിച്ചു.

1835 നവംബര്‍ 19ന് വാരണാസിയാണ് ഝാന്‍സിറാണിയുടെ ജനനം. ബ്രാഹ്മണനായ മൊറാപഥും ഭഗീരഥി ബായിയുമായിരുന്നു മാതാപിതാക്കള്‍. കാര്‍ത്തിക നക്ഷത്രത്തിലായിരുന്നു ജനനം നന്നെ ചെറുപ്പത്തിലേ അശ്വാഭ്യാസവും ഉന്നം പിഴക്കാതെ യുള്ള വെടിവെപ്പും മണികര്‍ണിക പഠിച്ചു.

ഏഴാം വയസ്സില്‍ ഝാന്‍സിയിലെ ഗംഗാധര്‍ റാവു രാജാവിനെ വിവാഹം ചെയ്തു. പേര് ലക്ഷ്മീബായി എന്നാക്കി. പതിനാലാം വയസ്സില്‍ പ്രസവിച്ചു. പക്ഷെ കുഞ്ഞ് മരിച്ചു. പിന്നെ ദാമോദര്‍ റാവുവിനെ മകനായി ദത്തെടുക്കുകയായിരുന്നു. 1953 ല്‍ ഗംഗാധര്‍ റാവു അന്തരിച്ചു. പതിനെട്ടാം വയസ്സില്‍ ലക്ഷ്മീബായി ഝാന്‍സിയുടെ റാണിയായി മാറി.