കെയ്‌ലി അക്കിയുടെ ആരാധിക

Webdunia
PRO
ബോളിവുഡ് താരങ്ങള്‍ക്ക് ആരാധകരുണ്ടാകുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ആരാധന കടല്‍ കടന്നെത്തിയാലോ? അക്ഷയ് കുമാറിനാണ് ഇപ്പോള്‍ ഒരു ആരാധികയെ കിട്ടിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഗായിക കെയ്‌ലി മിനോഗ് ആണ് അക്ഷയ് കുമാറിന്‍റെ പുതിയ ആരാധിക. അക്കിയുടെ ചാന്ദ്‌നി ചൌക് ടു ചൈന കണ്ടതോടെയാണ് കെയ്‌ലിയ്ക്ക് അകിയോട് ആരാധന മൂത്തത്. നായകനോടുള്ള ആരാധന മൂത്ത് ലണ്ടനില്‍ ചാന്ദ്‌നി ചൌകിന്‍റെ പ്രചാരണം തന്നെ അവര്‍ ഏറ്റെടുത്തുവെന്നാണ് വാര്‍ത്ത.

എന്നാല്‍ അതിനേക്കാള്‍ വലിയ കാര്യം അക്കിയുടെ പുതിയ സിനിമയായ ‘ബ്ലൂ‘വില്‍ അഭിനയിക്കുന്നതിന് കെയ്‌ലി മിനോഗ് കരാറില്‍ എത്തിയതാണ്. ആക്കിയെ കാണാനുള്ള അവസരം കിട്ടും എന്നതാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് കെയ്‌ലിയെ പ്രേരിപ്പിച്ചത്. ഒരു ഗാന രംഗത്തിലാണ് കെയ്‌ലി അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുക. സാരിയണിഞ്ഞ് കെയ്‌ലി അഭിനയിക്കുന്നതും ആകര്‍ഷകമാവും.

വെള്ളത്തിനടിയിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. രണ്ടു സുഹൃത്തുക്കളുടെ കഥയാണിത്. ഒരാള്‍ കോടീശ്വരനും മറ്റെയാള്‍ നീന്തല്‍ വിദഗ്ധനുമാണ്. ഇവരുടെ സാഹസിക ജീവിതത്തിന്‍റെ കഥയാണ് ‘ബ്ലൂ’. ആന്‍റണി ഡിസൂസയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

‘അണ്ടര്‍വാട്ടര്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലര്‍’ എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. അക്ഷയ് കുമാറിനെ കൂടാതെ സഞ്ജയ് ദത്ത്, സയീദ് ഖാന്‍, കത്രീന കൈഫ്, ലാറ ദത്ത തുടങ്ങിയവരാണ് ബ്ലൂവിലെ താരങ്ങള്‍. ശ്രീ അഷ്ടവിനായക് സിനി വിഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.