കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

രേണുക വേണു
ചൊവ്വ, 16 ജൂലൈ 2024 (08:46 IST)
കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എം.എന്‍. മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. ശേഷം തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്നെങ്കിലും ഇന്നലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല.
 
കര്‍ക്കടകം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറന്ന് പൂജകള്‍ ആരംഭിച്ചു. പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടന്നു. പടി പൂജ, ഉദയാസ്തമയ പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും. ജൂലൈ 20 ന് രാത്രി 10ന് നട അടയ്ക്കും.
 
ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ശബരിമല സന്ദര്‍ശിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11 ന് പമ്പ ശ്രീരാമ സാകേതം ഹാളില്‍ അവലോകന യോഗം ചേരുന്നുണ്ട്. ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മന്ത്രിയുടെ ശബരിമല സന്ദര്‍ശനം. കര്‍ക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ നിരവധി തീര്‍ഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് സുഗമമായി എത്തി ദര്‍ശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article