Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

അഭിറാം മനോഹർ
ബുധന്‍, 28 ഫെബ്രുവരി 2024 (19:01 IST)
കൊവിഡ് ബാധയ്ക്ക് ശേഷം ശ്വാസകോശപ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം ക്ഷതം നേരിട്ടത് ഇന്ത്യക്കാര്‍ക്കെന്ന് പഠനറിപ്പോര്‍ട്ട്. ഓക്‌സിജന്‍ രക്തത്തിലേക്ക് കടത്തിവിടുന്നതിനുള്ള ശ്വാസകോശത്തിന്റെ ശേഷി കൊവിഡ് ബാധിച്ചതിന് ശേഷം കുറയുന്നതായാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയത്.
 
ഇന്ത്യയില്‍ തീവ്രകൊവിഡ് ബാധിച്ചവരില്‍ 49.1 ശതമാനത്തിനും കിതപ്പ് പോലുള്ള പ്രശ്‌നങ്ങളുള്ളതായി പഠനത്തില്‍ കണ്ടെത്തി. യൂറോപ്പില്‍ ഇത് 43 ശതമാനവും ചൈനയടക്കമുള്ള രാജ്യങ്ങളില്‍ അതിനും കുറവുമാണ്. കൊവിഡാനന്തരം പലരിലും ഒരു വര്‍ഷത്തിനകം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവുന്നുണ്ടെങ്കിലും ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രശ്‌നം നേരിടുന്നുണ്ട്.
 
തീവ്രകൊവിഡ് ബാധിച്ച 207 പേരിലാണ് വെല്ലൂരിലെ ഗവേഷകര്‍ പഠനം നടത്തിയത്. ശേഷം സമാന ഗവേഷണങ്ങള്‍ നടന്ന ചൈനയിലെയും യൂറോപ്പിലെയും ഗവേഷണങ്ങളുമായി താരതമ്യം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പി എല്‍ ഒ എസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 
വ്യായാമം ചെയ്യുമ്പോഴുള്ള കിതപ്പായാണ് കൂടുതല്‍ പേരിലും കൊവിഡിന് ശേഷമുണ്ടായിട്ടുള്ള ശ്വാസകോശക്ഷതം പ്രകടമാകുന്നത്. 44 ശതമാനം പേരിലും ഓക്‌സിജന്‍ രക്തത്തിലേക്ക് കടത്തിവിടുന്നതിനുള്ള ഗ്യാസ് ട്രാന്‍സ്ഫര്‍ ശേഷി കുറഞ്ഞതായി പരിശോധനയില്‍ കണ്ടെത്തിയത്. സ്ഥിരമായുള്ള വ്യായമവും ബ്രീത്തിംഗ് വ്യായാമങ്ങളും പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article