ദിവസം 150 രൂപയ്ക്ക് ക്രിക്കറ്റ് കളിച്ചുതുടങ്ങി ഇന്ന് 15 ലക്ഷം വിലയുള്ള താരം, കരിയര്‍ മാറ്റിയത് രാഹുല്‍ ദ്രാവിഡ്, സജന സജീവന്റെ ജീവിതം

അഭിറാം മനോഹർ

ഞായര്‍, 25 ഫെബ്രുവരി 2024 (11:37 IST)
Sajana Sajeevan
വയനാട്ടുകാരിയായ മിന്നുമണിയ്ക്ക് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മറ്റൊരു വയനാട്ടുകാരിയായ സജന സജീവന്‍. മിന്നുമണിയുടെ നാട്ടുകാരിയും അടുത്ത കൂട്ടുകാരിയുമായ സജനയും മിന്നുമണിയെ പോലെ ഓള്‍റൗണ്ട് താരമാണ്. 2024ലെ വനിതാ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി അവസാന പന്തില്‍ നേടിയ സിക്‌സ് സജനയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.
 
റണ്‍ ചേസില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ അവസാന പന്തില്‍ 5 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ സജന സിക്‌സര്‍ പറത്തി മുംബൈയുടെ വിജയശില്പിയായി മാറിയത്. വനിതാ പ്രീമിയര്‍ ലീഗിലെ സജനയുടെ അരങ്ങേറ്റമത്സരം കൂടിയായിരുന്നു ഇതെന്നത് പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു. ഓട്ടോ െ്രെഡവറായ സി സജീവന്റെയും ശാരദാ സജീവന്റെയും മകളാണ് സജന. മകളുടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വലിയ പിന്തുണയാണ് കുടുംബം നല്‍കിയതെങ്കിലും ക്രിക്കറ്റ് പരിശീലനത്തിനുള്ള ഉയര്‍ന്ന ചിലവ് കുടുംബത്തിന് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.
Sajana sajeevan
 
മാനന്തവാടി ഗവഃ വിഎച്ച്എസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്തെ അധ്യാപകര്‍ നല്‍കിയ സഹായമാണ് സജനയുടെ ക്രിക്കറ്റ് കരിയര്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചത്. വയനാടിന്റെ ജില്ലാ ടീമുകളിലേക്കും കേരളത്തിന്റെ അണ്ടര്‍ 19,23 ടീമുകളിലേക്കും ഇതോടെ താരത്തിന് വിളിയെത്തി. 2012ല്‍ കേരളത്തിന്റെ സീനിയര്‍ ടീമിലും ഇടം നേടി. തുടര്‍ന്ന് ഇന്ത്യന്‍ എ ടീം വരെയെത്തി.
 
2016ല്‍ വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിനെ നേരില്‍ കണ്ടതോടെയാണ് സജനയുടെ ജീവിതം മാറിമറിഞ്ഞത്. നെറ്റ് സെഷനിടെ സജനയുടെ ബാറ്റിംഗ് കണ്ട ദ്രാവിഡ് സജനയെ നേരില്‍ വിളിപ്പിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയുമായിരുന്നു. ഓഫ്‌സൈഡില്‍ കളിക്കുമ്പോഴുള്ള തന്റെ പോരായ്മകള്‍ പരിഹരിക്കുകയാണ് ദ്രാവിഡ് അന്ന് ചെയ്തതെന്ന് സജന പറയുന്നു. ക്യാമ്പിന് ശേഷം സൗത്താഫ്രിക്ക എയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ എയ്ക്കായി കളിക്കാന്‍ സജനയ്ക്കായി.
 
ക്രിക്കറ്റ് കരിയറിന്റെ തുടക്ക കാലത്ത് വയനാട് ജില്ലയ്ക്കായി കളിക്കുമ്പോള്‍ ലഭിച്ചിരുന്ന 150 രൂപയായിരുന്നു സജനയുടെ ആദ്യകാലത്തെ പ്രതിഫലം. അത് അന്ന് തനിക്ക് വലിയ പണമായിരുന്നുവെന്ന് സജന പറയുന്നു. പിന്നീട് ഈ പ്രതിഫലം 300,900 എന്നിങ്ങനെ ഉയര്‍ന്നു. ഇന്ന് വനിതാ പ്രീമിയര്‍ ലീഗില്‍ 15 ലക്ഷം രൂപ വിലയുള്ള താരമാണ് സജന. 10 ലക്ഷമായിരുന്നു ലേലത്തില്‍ താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ലേലത്തില്‍ കൂടുതല്‍ ടീമുകള്‍ രംഗത്ത് വന്നതോടെ ഇത് 15 ലക്ഷമായി ഉയരുകയായിരുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍