ജിം വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ഹൃദയാഘാതം, എന്തെല്ലാം ശ്രദ്ധിക്കണം

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (20:10 IST)
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കന്ന സംഭവങ്ങള്‍ അടുത്തിടെയായി പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ളതാണ്. സെലിബ്രിറ്റികള്‍ മുതല്‍ പലരും ഈ പ്രശ്‌നത്തിന് ഇരയാകാറുണ്ട്. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാനാണ് എല്ലാവരും തന്നെ ജിമ്മില്‍ വര്‍ക്കൗട്ടുകള്‍ നടത്തുന്നത്. എങ്കില്‍ എങ്ങനെ ജിം വര്‍ക്കൗട്ടിനിടെ ഹൃദയസ്തംഭനം ഉണ്ടാകുന്നു? പലപ്പോഴും നമ്മള്‍ വര്‍ക്കൗട്ട് സമയത്ത് ചെയ്യുന്ന ചില തെറ്റുകളായിരിക്കാം ഇതിന് കാരണമായി മാറുന്നത്. ജിമ്മില്‍ വര്‍ക്കൗട്ടിനായി പോകുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാം.
 
ജിമ്മില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിന് മുന്‍പ് ശരീരത്തെ വാം അപ്പ് ചെയ്ത് അതിന് സജ്ജമാക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമെ വര്‍ക്കൗട്ടുകളിലേക്ക് കടക്കാന്‍ പാടുള്ളു. വാം അപ്പ് ചെയ്യുമ്പോള്‍ ഹൃദയമിടിപ്പും പേശികളിലേക്കുള്ള രക്തയോട്ടവും വര്‍ധിക്കും. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടയില്‍ വിയര്‍ക്കുന്നത് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിനാല്‍ വ്യായാമത്തിനിടെ വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിന് കേടാണ്. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ വര്‍ക്കൗട്ടിന് മുന്‍പും ഇടവേളകളിലും വര്‍ക്കൗട്ട് കഴിഞ്ഞും വെള്ളം കുടിക്കുന്നത് നല്ലതാണ്.
 
അതേസമയം ഭക്ഷണം കഴിഞ്ഞ ഉടനെ തന്നെ വര്‍ക്കൗട്ട് ചെയ്യുന്നത് വയറ്റില്‍ നിന്നും പേശികളിലേക്ക് രക്തപ്രവാഹം തിരിച്ചുവിടാന്‍ കാരണമാകും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും മറ്റും കാരണമാകും. അതിനാല്‍ ഭക്ഷണം കഴിഞ്ഞ വഴിയെ വര്‍ക്കൗട്ട് ചെയ്യരുത്. വര്‍ക്കൗട്ട് സമയത്ത് ഉയര്‍ന്ന ഹൃദയനിരക്കും രക്തസമ്മര്‍ദ്ദവുമാകും ഉണ്ടാവുക. അതിനാല്‍ തന്നെ വര്‍ക്കൗട്ട് കഴിഞ്ഞ് ശരീരം തണുക്കാന്‍ സമയം നല്‍കണം. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ കഠിനമായ വ്യായമങ്ങള്‍ പെട്ടെന്ന് തന്നെ ചെയ്യരുത്. പടിപടിയായി വേണം വ്യായാമത്തിന്റെ സമയവും തീവ്രതയും ഉയര്‍ത്താന്‍.
 
വ്യായാമത്തിനിടെ നെഞ്ച് വേദന,ശ്വാസം മുട്ടല്‍,തലക്കറക്കം,തലയ്ക്ക് ഭാരമില്ലാതെയാകല്‍,അമിതമായ വിയര്‍പ്പ് എന്നിവ അനുഭവപ്പെട്ടാല്‍ ഉടനെ തന്നെ വര്‍ക്കൗട്ട് അവസാനിപ്പിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article