ദിവസവും 4 കാന്‍ എനര്‍ജി ഡ്രിങ്ക്, 58 ദിവസം ആശുപത്രി കിടക്കയില്‍; യുവാവിന് സംഭവിച്ചത്

ശനി, 17 ഏപ്രില്‍ 2021 (15:13 IST)
കൗമാരക്കാരില്‍ എനര്‍ജി ഡ്രിംഗിന്റെ ഉപയോഗം വര്‍ധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു. ദിവസവും നാല് കാന്‍ എനര്‍ജി ഡ്രിംഗ് കുടിച്ചതിലൂടെ ഒരു യുവാവിന് ആശുപത്രി കിടക്കയില്‍ കഴിയേണ്ടി വന്നത് ഏകദേശം രണ്ട് മാസത്തോളം. യുകെയിലെ വിദ്യാര്‍ഥിക്കാണ് എനര്‍ജി ഡ്രിംഗ്‌സിന്റെ അമിത ഉപയോഗം കാരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. 

ദിവസവും നാല് കാന്‍ എനര്‍ജി ഡ്രിംഗ് ആണ് 21 കാരന്‍ കുടിച്ചിരുന്നത്. ഏകദേശം രണ്ട് ലിറ്ററോളം ദിവസവും കുടിക്കും. രണ്ട് വര്‍ഷത്തോളമായി ഇത് പതിവാക്കിയിരിക്കുകയാണ്. ഒടുവില്‍ ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ ഐസിയുവില്‍ പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ നാല് മാസത്തോളമായി ശരീരഭാരം ക്രമാതീതമായി കുറയുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും യുവാവിന് അനുഭവപ്പെട്ടു. ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനം താളംതെറ്റിയതായി രക്ത പരിശോധനയില്‍ നിന്നും ഇസിജി, സ്‌കാന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമായി. 
 
എനര്‍ജി ഡ്രിംഗിന്റെ അമിതമായ ഉപയോഗം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യുവാവ് കുടിച്ചിരുന്നു ഒരു കാന്‍ എനര്‍ജി ഡ്രിംഗില്‍ 160mg കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. എനര്‍ജി ഡ്രിംഗുകളില്‍ അടങ്ങിയിരിക്കുന്ന കാര്‍ഡിയോ ടോക്‌സിറ്റി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 
 
യുവാക്കളിലും കുട്ടികളിലുമാണ് എനര്‍ജി ഡ്രിംഗ്‌സിന്റെ ഉപയോഗം പൊതുവെ വ്യാപകമായി കാണുന്നത്. 75 മുതല്‍ 200 മില്ലീഗ്രാം വരെ കഫീനാണ് എനര്‍ജി ഡ്രിംഗുകളില്‍ അടങ്ങിയിരിക്കുന്നത്. കഫീന്‍ സാന്നിധ്യം ഉറക്കക്കുറവ്, ഛര്‍ദ്ദി, ഉല്‍കണ്ഠ, തലവേദന എന്നിവ മുതല്‍ ഹൃദ്രോഗത്തിനും നാഡീതളര്‍ച്ചയ്ക്കും വരെ കാരണമാകും. 16 വയസില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിംഗ്‌സ് നല്‍കരുതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍