മുടിയുടെ കാര്യത്തില്‍ സ്‌ത്രീയായാലും പുരുഷനായാലും വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറല്ല. ഒരു മുടി പോലും നഷ്‌ടമാകരുതെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഇത് സാധ്യമാകാറില്ല. കൊഴിയുന്ന സ്ഥാനത്ത് പുതിയ മുടിനാര് ഉണ്ടാകാത്തതാണ് കഷണ്ടിക്ക് കാരണമാകുന്നത്.
സ്‌ത്രീകളിലും പുരുഷന്മാരിലും താരന്‍ പ്രശ്‌നം സാധാരണമാണ്. ഈ അവസ്ഥയില്‍ നിന്നും മുക്തി നേടാന്‍ പലരും നിരവധി മാര്‍ഗങ്ങള്‍ തേടിപ്പോകാറുണ്ട്. ഇതിനായി ആയിരക്കണക്കിന് പണം ചെലവഴിക്കാനും ആര്‍ക്കും മടിയില്ല.
കഷണ്ടിക്ക് കാരണമായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത് താരനാണ്. എന്നാല്‍ എന്താണ് താരന്‍ എന്ന് പലര്‍ക്കും അറിയില്ല. ചിലർക്ക് ഇത് സ്‌ഥിരമായും മറ്റു ചിലർക്ക് പ്രത്യേക കാലാവസ്‌ഥകളിലും താരന്‍ വില്ലനാകും.
താരൻ രണ്ടു തരത്തിലാണ്. വെളുത്ത് പൊടി പോലെ തലയിലും തോളിലും വസ്‌ത്രത്തിലും പാറി വീഴുന്ന താരനാണ് ഇതിലൊന്ന്. ഇത് അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. മറ്റൊന്ന്, കുറച്ചു നനവോടെ തലയോട്ടിയോടു പറ്റിപ്പിടിച്ചിരിക്കുന്ന താരനാണ്. ഇത് മറ്റു പല ദോഷങ്ങളും ഉണ്ടാക്കിവയ്‌ക്കുന്നതാണ്. അപകടകാരിയായ താരനാണ് ഇത്.
ശുദ്ധമായ വെള്ളം ഉപയോഗിച്ചു മാത്രമെ തല വൃത്തിയാക്കാവൂ. അല്ലെങ്കില്‍ മുടിയില്‍ അഴുക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇതാണ് താരന് കാരണമാകുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.