കേരളത്തിൽ ആൻ്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധം നേടുന്നതായി പഠനം

Webdunia
ഞായര്‍, 29 ജനുവരി 2023 (16:08 IST)
ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ തോത് കേരളത്തിൽ കൂടുന്നതായി സംസ്ഥാന ആൻ്റി മൈക്രോബിയൽ രെസിസ്റ്റൻസ് സർവയലൻസ് നെറ്റ്‌വർക്ക് റിപ്പോർട്ട്. ബാക്ടീരിയൽ അണുബാധകൾക്കെതിരെ ആൻ്റിബയോട്ടിക്കുകളുടെ ശക്തി കുറയുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
 
വിവിധ ആൻ്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ അഞ്ചുശതമാനം മുതൽ 84 ശതമാനം വരെ പ്രതിരോധം കൈവരിച്ചിട്ടുണ്ട്. പുതുതലമുറ ആൻ്റിബയോട്ടിക്കുകൾക്ക്കെതിരെ പോലും അണുക്കൾ പ്രതിരോധമാർജിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.ഇ-കോളി, ക്ലബ്സിയല്ല, സ്യൂഡോമോണാസ്, അസിനെറ്റോബാക്റ്റര്‍, സാല്‍മൊണല്ല എന്ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകൾക്ക് മുൻഗണന നൽകി സംസ്ഥാനം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
 
ഒൻപത് ജില്ലകളിലെ 21 കേന്ദ്രങ്ങളിൽ നിന്നായി 14,353 രോഗികളുടെ സാമ്പിളുകളിൽ നിന്നാണ് ആദ്യത്തെ റിപ്പോർട്ട് തയ്യാറാക്കിയത്.ആൻ്റിബയോട്ടിക്കുകളുടെ പ്രതിരോധം നിരീക്ഷിക്കാൻ രാജ്യത്ത് ആദ്യമായി സംവിധാനം നിലവിൽ വന്നത് കേരളത്തിലാണ്. 2023ൽ സംസ്ഥാനത്ത് സമ്പൂർണ്ണ ആൻ്റിബയോട്ടിക് സാക്ഷരത വളർത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി,അതേസമയം അശാസ്ത്രീയമായ ആൻ്റിബയോട്ടിക് ഉപയോഗം കുറയ്ക്കാനാകുന്നില്ലെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article