ഇനി ധൈര്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോളൂ...കാന്‍സര്‍ വരുമെന്ന പേടി വേണ്ട

Webdunia
ചൊവ്വ, 10 മെയ് 2016 (17:02 IST)
മൊബൈല്‍ ഫോണ്‍ ശരീരത്തിന് ദോഷകരമായി ബാധിക്കുമോ എന്ന കാര്യത്തില്‍ ശാസ്ത്രലോകത്ത് നിരവധി ചര്‍ച്ചകളും പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്നവരില്‍ ചിലര്‍ അവകാശപ്പെട്ടിട്ടുണ്ട്. 
 
മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തത വന്നിട്ടില്ല. ഒരു ദശാബ്ദക്കാലം കൂടി കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ ശരിയായ നിഗമനങ്ങളിലെത്താന്‍ സാധിക്കൂ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.
 
എന്നാല്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസകരമാകുന്ന ഒരു വാര്‍ത്തയാണ് സിഡ്നി സര്‍വകലാശാലയിലെ ഗവേഷകര്‍ നല്‍കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മൊബൈല്‍ ഫോണ്‍ വ്യാപകമായി ഉപയോഗിച്ചിട്ടും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് വന്നിട്ടില്ല. 70 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മാത്രമാണ് കാന്‍സര്‍ കൂടുതലായി കാണപ്പെട്ടതെന്നും പഠനത്തിലൂടെ കണ്ടെത്തിയതായി ഇവര്‍ പറയുന്നു.
 
കണക്കുകള്‍ പ്രകാരം 1982 മുതല്‍ 2012 വരെ ഓസ്ട്രേലിയയില്‍  19,858 പുരുഷന്മാര്‍ക്കും 14,222 സ്ത്രീകള്‍ക്കും കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകളിലൊന്നും മൊബൈല്‍ ഫോണ്‍ കാരണം കാന്‍സര്‍ ബാധിച്ചവര്‍ ഇല്ലെന്ന് സിഡ്നി സര്‍വകലാശാലയില്‍ ഗവേഷവിഭാഗം തലവന്‍ സൈമണ്‍ കാപ്മാന്‍ പറയുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article