കാപ്പി കുടിക്കുന്നത് പതിവാക്കൂ.. ഇത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും എന്ന് പുതിയ പഠനം

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (15:38 IST)
ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കാറുണ്ട്, ഒന്ന്,രണ്ട്, മൂന്ന്... അമിതമായെന്ന് കരുതി ആശങ്കപ്പെടേണ്ടതില്ല. കാപ്പി കുടിക്കുന്നത് അമിതവണ്ണവും പ്രമേഹവും തടയുന്നതിന് സഹായിക്കുമെന്നാണ് ലണ്ടനിലെ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. കാപ്പി ശരീരത്തിലെ ഒരു പ്രത്യേക തരം കൊഴുപ്പിനെ ഉത്തേജിപ്പിക്കുന്നു. ഇതിന്റെ ഫലമായി ശരീരതാപം കൂടി, കലോറിയെ എരിച്ചുകളയുകയാണ് ചെയ്യുന്നത്. ഇങ്ങനെ അമിതവണ്ണം ഉണ്ടാകാനുളള സാധ്യതയെ കാപ്പി ഇല്ലാതാക്കുന്നു. ശരീരത്തിലുളള ഇത്തരം ഫാറ്റിനെ ബ്രൗണ്‍ ഫാറ്റ് എന്നാണ് വിളിക്കുന്നതെന്നും സയന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദമാക്കുന്നു.
 
നോട്ടിങ് ഹാം യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ മിഷേല്‍ സൈമണ്ട്സ് ഇതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ബ്രൗണ്‍ ഫാറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കൂടുതലും പഠിക്കാന്‍ ശ്രമിച്ചത്. കാപ്പിയില്‍ അടങ്ങിയ കഫീനോ, അതോ മറ്റ് ഏന്തെങ്കിലും പദാര്‍ത്ഥമാണോ ബ്രൗണ്‍ ഫാറ്റിനെ ഉത്തേജിപ്പിക്കുന്നതെന്നായിരുന്നു പരിശോധിച്ചത്. കഫീനാണ് കൂടുതല്‍ ഇതിന് സഹായിക്കുന്നതെന്നാണ് കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. കൂടാതെ കഴുത്തിന്റെ ഭാഗത്തായാണ് ബ്രൗണ്‍ ഫാറ്റ് കാണുക. ബോഡി മാസ് ഇന്‍ഡക്സ് കുറവായവരില്‍ ഇതിന്റെ അളവ് കൂടുതലാണെന്നും കണ്ടെത്തി.
 
വൈറ്റ് ഫാറ്റിലും ബ്രൗണ്‍ ഫാറ്റിലും കാപ്പി വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കാപ്പി ചെല്ലുമ്പോള്‍ ബ്രൗണ്‍ ഫാറ്റ് ശരീരത്തിന്റെ ചൂട് ഉയര്‍ത്തി പഞ്ചസാരയെയും കൊഴുപ്പിനെയും കത്തിച്ചുകളയുന്നു. ഈ പ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നതോടെ അമിതമുളള കലോറി ഇല്ലാതാകുകയും ഭാരം കുറയുകയും ചെയ്യും. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ കാപ്പി കുടിച്ചാല്‍ ഗുണമേറെയെന്നാണ് പഠനം പറയുന്നത്. അതേസമയം കാപ്പി കുടി കൊണ്ടു മാത്രം അമിതവണ്ണത്തെയും പ്രമേഹത്തെയും പ്രതിരോധിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article