മുട്ട അലർജി ഉണ്ടാക്കുമോ?

നിഹാരിക കെ.എസ്

ബുധന്‍, 2 ഏപ്രില്‍ 2025 (11:45 IST)
പ്രോട്ടീന്റെ കലവറയായ മുട്ട ചിലർക്കെങ്കിലും അലർജി ഉണ്ടാക്കാറുണ്ട്. അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമൃദ്ധമാണ് മുട്ട. എന്തുകൊണ്ടാണ് മുട്ട ചിലർക്ക് അലർജി ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കോഴിമുട്ടയോട് അലർജിയുള്ള ആളുകൾക്ക് കാട, ടർക്കി, താറാവ് തുടങ്ങിയ മുട്ടകളോടും അലർജി ഉണ്ടാകും. മുട്ടയുടെ ഉപയോഗവും പോഷകമൂല്യവും വളരെ വലുതാണെങ്കിലും, ഇത് സംബന്ധിച്ച അലർജി കൂടുതലും കണ്ട് വരുന്നത് കുട്ടികളിലാണ്.
 
ചിലർക്ക് മുട്ടയുടെ വെള്ളയായിരിക്കും അലർജി ഉണ്ടാക്കുക. മറ്റ് ചിലർക്ക് മഞ്ഞയും. എന്ത് തന്നെയാണെങ്കിലും അലർജി ഇല്ലാത്ത ഭാഗം കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഭക്ഷണ അലർജികൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്നല്ല. മുട്ടയിലെ പ്രോട്ടീനുകളോട് നിങ്ങളുടെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിന് കാരണമാകുന്ന ഭക്ഷണ അലർജിയാണ് മുട്ട അലർജി. മുട്ട അലർജി മാരകമായേക്കാം. തൊണ്ടയിൽ വീക്കം പോലുള്ള കടുത്ത അലർജി പ്രതികരണ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ സന്ദർശിക്കണം.
 
മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. പകുതിയോളം കുട്ടികളും 5 വയസ്സാകുമ്പോഴേക്കും മുട്ടയോടുള്ള സഹിഷ്ണുത വളർത്തിയെടുക്കും, 70% വരെ പേർ 16 വയസ്സാകുമ്പോഴേക്കും മുട്ട അലർജിയെ മറികടക്കും. മുട്ട കഴിച്ച് മിനിറ്റുകൾക്കുള്ളിൽ മുട്ട അലർജി പ്രതികരണം സാധാരണയായി ആരംഭിക്കും. രോഗലക്ഷണങ്ങളുടെ തീവ്രത ആളുകളിൽ വ്യത്യാസപ്പെടാം. വയറുവേദന, വയറിളക്കം, ചുമ, ചൊറിച്ചിൽ, ഛർദ്ദി, മുഖത്തെവിടെയെങ്കിലും തടിച്ച് പൊന്തുക എന്നിവയെല്ലാം ചെറിയ ലക്ഷണങ്ങളാണ്. വയറുവേദനയ്ക്കൊപ്പം മലബന്ധം ഉണ്ടെങ്കിൽ പ്രശ്നം ഗുരുതരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍