ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ശരീരം വിശ്രമിക്കുന്ന ഈ ഘട്ടത്തിലാണ് തലച്ചോറ് മാലിന്യ നീക്കം, ഓർമശക്തി ഏകീകരണം, കോശം നന്നാക്കൽ, ഊർജ്ജ പുനഃസ്ഥാപനം തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഉറക്കം ശരീരത്തിന് ആവശ്യമാണ. ഉറക്കം പോലെ തന്നെ ഉറക്കരീതിയും പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇരുട്ട് ശരീരത്തിൽ മെലാറ്റോണിൻ ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കും. ഇത് കാൻസറിനെ വരെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ പ്രക്രിയകളെയും നിയന്ത്രിക്കുന്ന ആന്തരിക ഘടികാരമാണ് സർക്കാഡിയൻ റിഥം. വെളിച്ചമുള്ള ഒരു മുറിയിൽ ഉറങ്ങുമ്പോൾ അത് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. കൂടാതെ സർക്കാഡിയൻ റിഥം തടസപ്പെടുത്താനും ഇത് കാരണമാകുന്നു. ഇത് മെലാറ്റോണിൻ പോലുള്ള പ്രധാന ഹോർമോണുകളുടെ ഉൽപാദനത്തെയും ബാധിക്കും.
ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ മെലാറ്റോണിനെ 'ഉറക്ക ഹോർമോൺ' എന്നും വിളിക്കുന്നു. പ്രധാനമായും രാത്രിയിൽ ഇരുട്ടാകുമ്പോൾ, തലച്ചോറിലെ പൈനൽ ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മെലറ്റോണിൻ ഉറങ്ങാൻ സഹായിക്കുക മാത്രമല്ല, അവയ്ക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്.
ഉറക്കത്തിൽ വെളിച്ചം ഏൽക്കുന്നത് മെലറ്റോണിൻ ഉത്പാദനം കുറയ്ക്കുന്നു. രാത്രിയിൽ വെളിച്ചം ഏൽക്കുന്നവരിൽ മെലറ്റോണിൻ അളവ് കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കുറവ് കാൻസറിനെതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ദുർബലപ്പെടുത്തും. രാത്രിയിൽ ഉണർന്നിരിക്കുന്നതോ വെളിച്ചത്തോടെ ഉറങ്ങുന്നതോ വഴി സ്വാഭാവിക ഉറക്കചക്രത്തെ തടസ്സ്സപ്പെടുത്തുകയാണ്. ഇത് അർബുദങ്ങൾ, പ്രത്യേകിച്ച് സ്തന, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.