ആരോഗ്യമുള്ള ശരീരത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉറക്കം. ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. എന്നാല്‍ നല്ല ഉറക്കം കിട്ടാനെന്ന് പറഞ്ഞ് ദിവസവും മദ്യപിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അതത്ര നല്ല ശീലമല്ലെന്ന് മനസിലാക്കണം.
മദ്യപാനം ഉറക്ക ചക്രത്തെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ ഉറക്കത്തിന്റെ മേന്മ കുറയ്ക്കാന്‍ മദ്യത്തിനു സാധിക്കും. ശരീരത്തില്‍ അതിവേഗം നിര്‍ജലീകരണം നടക്കുന്നതിനാല്‍ മദ്യപിച്ച ശേഷമുള്ള ഉറക്കം പലപ്പോഴും തടസ്സപ്പെടും. അമിതമായി മദ്യപിച്ച ശേഷം ഉടനെ കിടക്കുന്നത് നിങ്ങളുടെ ശരീരം പെട്ടന്ന് തളരാന്‍ കാരണമാകും. പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തലവേദനയും ശാരീരിക ബുദ്ധിമുട്ടുകളും തോന്നുന്നു. മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ അമിതമായി ഗ്ലൂട്ടാമിന്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കുന്നു.
മദ്യപിച്ച ശേഷം കിടക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സാധിക്കൂ. അതിനുശേഷം നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിക്കുകയും മണിക്കൂറുകളോളം ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. മദ്യപിച്ച ശേഷം ഉറങ്ങുമ്പോള്‍ പലരിലും അമിതമായ കൂര്‍ക്കംവലി കാണപ്പെടുന്നു. സുഗമമായി ശ്വാസമെടുക്കാന്‍ സാധിക്കാതെ വരികയും ഉറക്കം നഷ്ടമാകുകയും ചെയ്യും. മദ്യപിച്ച ശേഷം ഉറങ്ങുമ്പോള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂടുന്നു.