സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (18:20 IST)
AI Generated
സിഗരറ്റ് പായ്ക്കറ്റിലും മദ്യക്കുപ്പിയിലുമെല്ലാം നമ്മള്‍ സ്ഥിരമായി കാണുന്ന ഒന്നുണ്ട്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം. പുകവലി ആരോഗ്യത്തിന് ഹാനികരം എന്നിങ്ങനെയാണത്. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പലഹാരങ്ങലായ ജിലേബിയും സമൂസയും ലഡ്ഡുവുമെല്ലാം ഹാനികരമാണെന്ന് അറിയിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. ഇനി മുതല്‍ ഇത്തരം വിഭവങ്ങളുടെ പായ്ക്കറ്റില്‍ ഇത്തരം പലഹാരങ്ങള്‍ കഴിക്കുന്നത് ഹാനികരമാണെന്ന് പ്രദര്‍ശിപ്പിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്.
 
 ഇത്തരം വിഭവങ്ങളില്‍ മറഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും വിവരങ്ങള്‍ ഓയില്‍ ആന്‍ഡ് ഷുഗര്‍ ബോര്‍ഡുകളിലൂടെ പൗരന്മാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചു. പഞ്ചസാരയും ട്രാന്‍സ് ഫാറ്റുമാണ് പുതിയ കാലത്തിന്റെ പുകയിലയെന്നും ഇവ കഴിക്കുന്നതിന് മുന്‍പ് അതിന്റെ കുഴപ്പങ്ങള്‍ ജനങ്ങള്‍ അറിയണമെന്നും ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. നാം നിത്യേന ഉപയോഗിക്കുന്ന പല ഭക്ഷണങ്ങളും അനാരോഗ്യകരമാണെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണിത്.
 
 പ്രമേഹവും ഹൃദ്രോഗവും രക്താതിസമ്മര്‍ദ്ദവും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ നിര്‍ദേശം. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 77 ദശലക്ഷം പേര്‍ക്ക് പ്രമേഹമുള്ളതായും 25 ദശലക്ഷത്തോളം പേര്‍ പ്രീഡയബറ്റിക് ആണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. 2050 ഓടെ ഇന്ത്യയിലെ മൂന്നിലൊന്ന് പേരും അമിതവണ്ണമുള്ളവരാകുമെന്ന ലാന്‍സെറ്റിന്റെ പഠനം അടുത്തിടെയാണ് പുറത്ത് വന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍