കൂട്ടുകാരിയോടുള്ള അവളുടെ സ്നേഹം കണ്ട് സമൂഹം അവരെ വിളിച്ചു ‘ലെസ്ബിയൻ‘!

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (15:15 IST)
ഒരു വിലപ്പെട്ട ജന്മം മുഴുവനും നമ്മെ സ്നേഹിക്കുന്ന നമ്മുടെയൊപ്പം എല്ലായ്പ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുള്ള ചിലരൊക്കെയേ ഉള്ളു. അതിൽ ഒന്നാണ് സൗഹൃദം. പ്രണയത്തിലേക്ക്‌ കടക്കാനുള്ള ഒരു ഇടനാഴിയായി സൗഹൃദം എവിടെയെല്ലാമോ ചുരുങ്ങി പോ‍യിട്ടുണ്ട്‌. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ അല്‍പം കൂടി സങ്കീര്‍ണമാണ്‌.
 
ലെസ്ബിയസിനിസം, സ്വവര്‍ഗാനുരാഗികള്‍ എന്നീ പദങ്ങള്‍ കേരളത്തിലെ പത്രവായനക്കാര്‍ക്ക്‌ ഇന്ന്‌ പുതുമയുള്ളകാര്യമല്ല. ആരുടേയും സഹതാപം കിട്ടാറില്ലെങ്കിലും 'മനോരോഗികളായ' ഇത്തരക്കാരും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്‌ എന്ന്‌ പൊ‍തുസമൂഹം അംഗീകരിക്കുന്നു.
 
എന്നാല്‍ അതിരുവിടുന്ന ഇത്തരം സൗഹൃദങ്ങള്‍ക്ക്‌ മനുഷ്യരാശിയോളം പഴക്കമുണ്ടെന്ന ലെസ്ബിയന്‍ സംഘടനകള്‍ അവകാശം മുഴക്കുന്നു.  
 
സ്ത്രികള്‍ തമ്മിലുള്ള അപകടകരമായ സൗഹൃദത്തിന്‍റെ (പ്രേമത്തിന്‍റെ) എഴുതപ്പെട്ട ആദ്യ ചരിത്രം ഗ്രീസിലൽ നിന്നുള്ളതാണ്‌. ലെസ്ബോസ്‌ ദ്വീപില്‍ ജീവിച്ചിരുന്ന സാഫോയുടെ കവിതകളില്‍ മറ്റ്‌ സ്ത്രീകളോട്‌ തനിക്ക്‌ തോന്നിയ പ്രണയം തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌.
 
ഭാരതീയ ജീവിത രീതിയുടെ ആദ്യ പ്രഖ്യാപിത നിയമമെഴുതിയ മനു തന്‍റെ നിയമാവലിയില്‍ പുരുഷന്മാര്‍ തമ്മി‍ലുള്ള പ്രണയത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. എന്നാൽ സ്വവര്‍ഗാനുരാഗം നിയന്ത്രിക്കേണ്ടതാണെന്ന്‌ സൂചിപ്പിച്ചിരുന്നു‍.
 
പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും അവകാശ പോരാട്ടങ്ങളും കേരളത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. എന്നാല്‍ പെണ്‍സൗഹൃദങ്ങളില്‍ ‘പ്രണയം’ കലരുന്നതിനെ അംഗീകരിക്കാനുള്ള വിശാലമനസ്കത മലയാളിക്ക്‌ വന്നിട്ടില്ല. 
 
സ്കൂളില്‍ വച്ച്‌ പരസ്പരം മാലയിട്ട്‌ കല്യാണം കഴിക്കുന്നതിനായി അഭിനയിച്ചതിന്‌ രണ്ട്‌ പെണ്‍കുട്ടികളെ പുറത്താക്കിയ സംഭവത്തിനും വളരെ പഴക്കമുണ്ട്‌. മറ്റ്‌ കുട്ടികളെ കുടി ചീത്തയാക്കുമെന്ന ആരോപണവുമായ്‌ അവര്‍ സ്കൂളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടു.
 
തനുജ ചൗഹാന്‍റെയും ജയവര്‍മ്മയുടെയും ഒരുമിച്ചുള്ള ജീവിതം നരകതുല്യമായത്‌ അവരെ കുറിച്ച് ഒരു പത്രം വാര്‍ത്ത നല്‍കിയതോടെയാണ്‌. വിവാഹം കഴിച്ച്‌ അയല്‍ക്കാരുമായ സൗഹൃദത്തോടെ ജീവിച്ചിരുന്ന ആ പെണ്‍കുട്ടികളെ വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഗ്രാമം വിടാന്‍ നിര്‍ബന്ധിച്ചു. 
 
ഗ്രാമീണ പെണ്‍കുട്ടികളായ ഊര്‍മ്മിളയുടെയും ശ്രീവാസ്ഥവയുടെയും സൗഹൃദവും ഏറെ മാധ്യമ ചര്‍ച്ചക്ക്‌ വിധേയമായതാണ്‌. മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നാല്‍പത്തിലേറെ സാക്ഷികള്‍ക്ക്‌ മുന്നിലാണ്‌ അവര്‍ വിവാഹിതരായത്‌. മാധ്യമങ്ങള്‍ അവരെ ലെസ്ബിയന്‍ ദമ്പതികള്‍ എന്ന്‌ ആഘോഷിച്ചതോടെ പൊതു സമൂഹം അവരേയും തിരസ്കരിക്കുകയായിരുന്നു.
 
സ്ത്രീകള്‍ തമ്മിലുള്ള പ്രണയം മാത്രമാണ്‌ മലയാളി സമൂഹം ആത്മവിമര്‍ശനപരമായി ചര്‍ച്ച ചെയ്യാനെങ്കിലും തയ്യാറാകുന്നത്‌. പുരുഷന്മാര്‍ തമ്മിലുള്ള ‘അതിരുവിടുന്ന സൌഹൃദം’ ഒരു സാമൂഹ്യപ്രശ്നമായി മലയാളിക്ക്‌ മുന്നില്‍ ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article