പ്രണയം കിനിയുന്ന വിഭവങ്ങളൊരുക്കി അനൂപ് മേനോന്റെ 'മെഴുതിരി അത്താഴം'!

കെ എസ് ഭാവന

വെള്ളി, 27 ജൂലൈ 2018 (19:08 IST)
പ്രണയകഥ പറയുന്ന സിനിമകൾ എന്നും മലയാളികൾ ഇരു‌കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പൂർണ്ണമായും പ്രണയ കഥ പറയുന്ന മലയാളം ചിത്രം പുറത്തിറങ്ങിയിട്ട് കുറച്ച് നാളുകളായി. എന്നാൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ടീസറിലും പോസ്‌റ്ററുകളിലുമെല്ലാം പ്രണയം പറഞ്ഞ ചിത്രമായിരുന്നു 'എന്റെ മെഴുതിരി അത്താഴങ്ങൾ'. ചിത്രം കാണുന്നതിന് മുമ്പ് തന്നെ ആ ഒരു ഫീലും ഉണ്ടായിരുന്നു.
 
സഞ്ജയ് പോളിന്റേയും അഞ്ജലിയുടേയും പ്രണയകാലത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ചിത്രത്തിന്റെ തിരക്കഥ അനൂപ് മോനോൻ ആണ്. ഒരിടവേളയ്‌ക്ക് ശേഷം അനൂപ് മേനോൻ വീണ്ടും തിരക്കഥാകൃത്തായി എത്തിയപ്പോൾ പ്രേക്ഷകരും ആ ചിത്രത്തിൽ പലതും പ്രതീക്ഷിച്ചിരുന്നു. ആദ്യമധ്യാന്തം പ്രണയം തുളുമ്പി നിൽക്കുന്ന ഒരു സിനിമ ഒരുക്കുന്നതിൽ സംവിധായകൻ സൂരജ് തോമസും വിജയിച്ചു.
 
ചിത്രത്തിന്റെ പേരിൽ തന്നെ ഒരു വ്യത്യസ്‌തതയുണ്ട്. അത് എന്തുകൊണ്ടാണെന്ന് ചിത്രത്തിലെ കഥാപാത്രങ്ങളെ അടുത്തറിയുമ്പോഴാണ് മനസ്സിലാകുക. പുതുമയാർന്ന രുചിക്കൂട്ടുകൾ തേടുന്ന ഷെഫ് ആയാണ് അനൂപ് മേനോൻ കഥാപാത്രമായ സഞ്ജയ് പോൾ എത്തുന്നത്. അലങ്കാര മെഴുകുതിരികൾ ഒരുക്കുന്ന ഡിസൈനറായി മിയയുടെ അഞ്ജലിയും എത്തുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയ്‌ക്ക് ഏറ്റവും ഉചിതമായ പേര് 'മെഴുതിരി അത്താഴങ്ങൾ' തന്നെ.
 
സഞ്ജയുടെയും അഞ്ജലിയുടെയും സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. സൗഹൃദം പ്രണയമായ് മാറിയപ്പോൾ സഞ്ജയ്‌ക്ക് അഞ്ജലി നൽകിയ വിലപിടിപ്പുള്ള ഒന്നായി മാറുകയാണ് ചുവന്ന മെഴുതിരിയുടെ രഹസ്യം. പെട്ടെന്നൊന്നും ആർക്കും മനസ്സിലാകില്ല ഇതിലെ കെമിസ്‌ട്രി.
 
ആദ്യം മുതൽ അവസാനം വരെ പ്രണയം പറയുന്ന ചിത്രത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ട്വിസ്‌റ്റുകളും ഉണ്ട്. ആ ട്വിസ്‌റ്റുകളാണ് പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്നത്. 
 
ഇടവേള എന്ന് സ്‌ക്രീനിൽ എഴുതി കാണിക്കുമ്പോൾ മാത്രമാണ് ആദ്യ പകുതിയുടെ സ്‌പീഡ് നമ്മൾ തിരിച്ചറിയുക. ഒരു പ്രണയ ചിത്രത്തിന് സാധാരണയായി സംഭവിക്കാവുന്ന ലാഗ് ഒട്ടും ഇല്ലാതെ തന്നെ ഒന്നാം പകുതി പൂർത്തിയാക്കാൻ സംവിധായകന് കഴിഞ്ഞു. അതിന് സഹായകമായത് ലൊക്കേഷനായ ഊട്ടിയുടെ മനോഹാരിതയും പ്രണയവും സൗഹൃദവും ഇഴചേർന്ന കഥാഖ്യാനവും ആണ്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും 'മെഴുതിരി അത്താഴ'ത്തെ വിഭവസമൃദ്ധമായ വിരുന്നാക്കി മാറ്റി.
 
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സഞ്ജയ്, അഞ്ജലി എന്നിവരെ യഥാക്രമം അനൂപ് മേനോനും മിയയും വ്യത്യസ്തമാക്കിയപ്പോൾ കോശി, നിര്‍മ്മല്‍ പാലാഴി, ലാല്‍ ജോസ്, ശ്രീകാന്ത് മുരളി, വികെ പ്രകാശ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍