ഒരു കൂട്ടുകുടുംബത്തില്‍ കള്ളന്‍ കയറി. വീട്ടിലെ അംഗങ്ങളെക്കുറിച്ച് ഒന്നും അറിയാതെ വീട്ടിലേക്ക് മോഷ്‌ടിക്കാൻ കയറിയ കള്ളന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. തന്റെ കൂടെ പഠിച്ച അളായിരുന്നു ആ വീടിന്റെ ഗൃഹനാഥൻ. എന്നാൽ കള്ളൻ ശരിക്കും പെട്ടത് അതിലൊന്നുമല്ലായിരുന്നു.
കള്ളനെ ഗൃഹനാഥൻ കൈയോടെ പിടികൂടുകയും തുടർന്ന് വീട്ടിലെ മറ്റ് അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്‌തു. എന്നാൽ പരിചയപ്പെടുത്തുമ്പോൾ വീട്ടിലെ അംഗങ്ങളോട് ഗൃഹനാഥൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
“മാന്യനും കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്നവനും പൂർണ്ണമായും വിശ്വസിക്കാൻ കഴിയുന്നവനുമാണ് ഇയാൾ. നിങ്ങളുടെയെല്ലാം അലമാരകളുടെ താക്കോലുകള്‍ ഈ മാന്യനെ ഏല്‍പ്പിക്കുക. നിങ്ങളുടെ സമ്പത്തിന്‍റെ സുരക്ഷയില്‍ ആനന്ദം പൂണ്ട് സ്വസ്ഥമായി ഉറങ്ങുക“.
കുടുംബത്തിലെ എല്ലാവരും തങ്ങളുടെ പണപ്പെട്ടികളുടെയും അലമാരകളുടെയും താക്കോലുകള്‍ കള്ളന് കൈമാറി. നെല്ലറകളുടെ കാവല്‍ക്കാരനായും കള്ളന്‍ മാറി. പിന്നീട് കുടുംബത്തില്‍ അനാവശ്യമായുണ്ടാകുന്ന ചെലവുകള്‍ നിയന്ത്രിക്കാന്‍ ചില നടപടികള്‍ വേണ്ടിവരുമെന്ന് ഗൃഹനാഥന്‍ കുടുംബാംഗങ്ങളെ അറിയിച്ചു.
നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ കുടുംബം തകര്‍ന്നു പോകുമെന്നും അതിനാല്‍ ഉത്തമമായ നടപടികള്‍ എടുക്കാന്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ചുമതലപ്പെടുത്തുകയാണെന്നും ഗൃഹനാഥന്‍ അറിയിച്ചു. അങ്ങനെ കള്ളന്‍ ചെലവുനിയന്ത്രണത്തിനുള്ള പദ്ധതികള്‍ കുടുംബത്തില്‍ പരീക്ഷിക്കാന്‍ തുടങ്ങി.
നൂറിലധികം അംഗങ്ങളുള്ള കുടുംബത്തില്‍ ചിലര്‍ ഗൃഹനാഥന്‍റെ അകന്നബന്ധത്തില്‍ മാത്രമുള്ളവരാണെന്നും അവരൊന്നും കൂട്ടുകുടുംബത്തിന്‍റെ ആനുകൂല്യം പറ്റേണ്ടവരല്ലെന്നും കള്ളന്‍ വിധിച്ചു. അങ്ങനെ കുടുംബത്തില്‍ പകുതിയോളം പേരെ പുറത്താക്കി, അവര്‍ക്ക് ഓരോ ചാക്ക് നെല്ല് വീതം കൊടുക്കുകയും ചെയ്തു. ചെലവ് നിയന്ത്രണം ഫലപ്രദമാകുന്നതില്‍ ഗൃഹനാഥന്‍ ഏറെ സന്തോഷിച്ചു.
കുടുംബാംഗങ്ങള്‍ക്കും സന്തോഷമായി. കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഇത്തരം ചില പരിഷ്കാരങ്ങള്‍ വരുത്തുന്നത് കെട്ടുറപ്പിന് സഹായിക്കും എന്ന് അവരെല്ലാം വൈകുന്നേരത്തെ കുടുംബയോഗത്തില്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, കള്ളന് കൂടുതല്‍ അധികാരം നല്‍കാനും കുടുംബയോഗം തീരുമാനിച്ചു.
ഇതനുസരിച്ച്, ഓരോ കുടുംബാംഗത്തിന്‍റെയും വസ്തു വിഹിതത്തിന്‍റെ ആധാരങ്ങളും ഇനി മുതല്‍ കള്ളനായിരിക്കും സൂക്ഷിച്ചു വയ്ക്കുക. തന്നില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നതിലും ഒരു കുടുംബാംഗത്തെ എന്ന പോലെ സ്നേഹിക്കുന്നതിലും കള്ളന്‍ നന്ദി പ്രകടിപ്പിച്ചു. കുടുംബത്തിലെ ഓരോ വ്യക്തിക്കും ആവശ്യമായ പണം ഇനി കള്ളന്‍ നേരിട്ടു നല്‍കുമെന്ന് ഗൃഹനാഥന്‍ അറിയിച്ചു.