വിലക്കപ്പെട്ട സൗഹൃദങ്ങള്‍

Webdunia
FILEFILE
ഒരു വിലപ്പെട്ട ജന്മം മുഴുവനും വെറുമൊരുവാക്കിന്‌ അക്കരെ ഇക്കരെ കടവു തോണി കിട്ടാതെ’ പോയ അവനും അവളും പ്രണയം മനസില്‍ ഒളിപ്പിക്കുകയും സൗഹൃദം ഭാവിക്കു‍കയുമായിരുന്നു.

പ്രണയത്തിലേക്ക്‌ കടക്കാനുള്ള ഒരു ഇടനാഴിയായി സൗഹൃദം എവിടെയെല്ലാമോ ചുരുങ്ങി പോ‍യിട്ടുണ്ട്‌. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ അല്‍പം കൂടി സങ്കീര്‍ണമാണ്‌.

“കനകമെയിലാഞ്ചി നീരില്‍ തുടിച്ച നിന്‍ വിരല്‍ തൊടുമ്പോള്‍ കിനാവ്‌ ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്‍റെ ചില്ലകള്‍ പൂത്തതും..”-എന്ന്‌ ചുള്ളിക്കാട്‌ പാടിയത്‌ കാമുകിയെ ഓര്‍ത്തായിരുന്നു.

പക്ഷെ എന്തിനാണ്‌ ബോര്‍ഡിങ്ങ്‌ സ്കൂളില്‍ നിന്ന്‌ വേനലധിക്കു പിരിയുന്ന റൂമേറ്റായ പ്രിയ കൂട്ടുകാരിയുടെ ബുക്കില്‍ അവള്‍ ആ വരികള്‍ എഴുതിയത്‌. അവരുടെ ‘പ്രണയത്തിനും’ സൗഹൃദം ഒരു മുഖംമൂടിയാവുകയായിരുന്നോ.പത്മരാജന്‍റെ ‘ഒരേതൂവല്‍പക്ഷികളില്‍’ അവരുടെ പൂര്‍വ്വരൂപങ്ങള്‍ പിന്നീട്‌ ജനിച്ചതാണ്‌.

ഒന്നിച്ചല്ലാതെ ജീവിക്കാനാകില്ലെന്ന്‌ ആ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞപ്പോഴും ‘ലെസ്ബിയനിസമെന്ന’ വര്‍ഗ്ഗീകരണത്തിലേക്ക്‌ തങ്ങള്‍ ഒതുങ്ങുമെന്ന്‌ അവര്‍ക്ക്‌ അറിയില്ലായിരുന്നു.


FILEFILE
വീട്ടുകാരുടെ വേട്ടയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ലോഡ്ജ്‌ മുറിയുടെ ഏകാന്തയില്‍ ഒരു ഫാനിന്‌ ഇരുവശവും ഒരേ തൂവല്‍പക്ഷികളായി അവര്‍ തൂങ്ങി‍യാടുമ്പോഴും ഈ പെണ്‍കുട്ടികള്‍ക്ക്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ എന്ന്‌ കേരളം മൂക്കത്ത്‌ വിരല്‍വച്ചിരുന്നില്ല.

ശ്രീനന്ദുവും ഷീലയും വീട്ടുകാരെ ധിക്കരിച്ച്‌ കന്‍റോണ്‍മെന്‍റ് പൊലീസ്‌ സ്റ്റേഷനിലെത്തി ഒന്നിച്ചു ജീവിക്കുമെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ മുതലായിരിക്കും പെണ്‍കുട്ടികള്‍ക്ക്‌ ഇടയില്‍ ‘സൗഹൃദങ്ങള്‍ അതിരുകടക്കാറുണ്ടെന്ന്‌’ ചിന്തിച്ച്‌ കേരളം ഞെളിപിരികൊള്ളാന്‍ തുടങ്ങിയത്‌. കിടപ്പറയിരുട്ടില്‍ കാമം ശമിപ്പിക്കാന്‍ അവര്‍ എന്തു ചെയ്യുമെന്ന ചിന്തയായിരുന്നു കേരളത്തിന്‍റെ സദാചാര കാവല്‍ഭടന്മാരെ ചൊടിപ്പിച്ചത്‌.

ലെസ്ബിയസിനിസം, സ്വവര്‍ഗാനുരാഗികള്‍ എന്നീ പദങ്ങള്‍ കേരളത്തിലെ പത്രവായനക്കാര്‍ക്ക്‌ ഇന്ന്‌ പുതുമയുള്ളകാര്യമല്ല. ആരുടേയും സഹതാപം കിട്ടാറില്ലെങ്കിലും 'മനോരോഗികളായ' ഇത്തരക്കാരും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്‌ എന്ന്‌ പൊ‍തുസമൂഹം അംഗീകരിക്കുന്നു.

എന്നാല്‍ അതിരുവിടുന്ന ഇത്തരം സൗഹൃദങ്ങള്‍ക്ക്‌ മനുഷ്യരാശിയോളം പഴക്കമുണ്ടെന്ന ലെസ്ബിയന്‍ സംഘടനകള്‍ അവകാശം മുഴക്കുന്നു. ലൈംഗിക സ്വാതന്ത്ര്യത്തിനായി പൊടിപിടിച്ച പഴയ നിയങ്ങള്‍ മാറ്റിയെഴുതണമെന്ന ആവശ്യമുയരുന്നു.


ആണിനും ആണിനും പെണ്ണിനും പെണ്ണിനും സൂഹൃത്തുക്കള്‍ മാത്രമല്ലാതെ ഒരു ജിവിതം മുഴുവന്‍ ഒന്നിച്ചു ജീവിക്കാമെന്നും അതിന്‌ നിയമ പരിരക്ഷവേണമെന്നും സംഘടിതമായ ആവശ്യങ്ങള്‍ ഉയരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കു‍ന്ന ഇത്തരം സംഘടനകള്‍ കേരളത്തില്‍ ദശകങ്ങള്‍ക്ക്‌ മുമ്പേ വേരോടിച്ചിട്ടുണ്ട്‌.

FILEFILE
അതിരുവിട്ട സൗഹൃദത്തിന്‍റെ ചരിത്രം

സ്ത്രികള്‍ തമ്മിലുള്ള അപകടകരമായ സൗഹൃദത്തിന്‍റെ (പ്രേമത്തിന്‍റെ) എഴുതപ്പെട്ട ആദ്യ ചരിത്രം ഗ്രീസില്‍നിന്നുള്ളതാണ്‌.ലെസ്ബോസ്‌ ദ്വീപില്‍ ജീവിച്ചിരുന്ന സാഫോയുടെ കവിതകളില്‍ മറ്റ്‌ സ്ത്രീകളോട്‌ തനിക്ക്‌ തോന്നിയ പ്രണയം തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌.

എന്നാല്‍ സോഫോ പുരുഷന്മാരുമായുള്ള പ്രണയത്തെ കുറിച്ച്‌ എഴുതിയിട്ടുള്ള കവിതകളും ലഭ്യമാണ്‌.ചൈനയില്‍നിന്നും അറേബ്യയില്‍ നിന്നും കണ്ടെടുത്തി‍ട്ടുള്ള പുരാതന സാഹിത്യങ്ങളിലും ഇത്തരം വിലക്കപ്പെട്ട സൗഹൃദത്തിന്‍റെ ചിത്രീകരണങ്ങളുണ്ട്‌.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ തമ്മിലുള്ള ഇത്തരം സൗഹൃദങ്ങള്‍ക്ക്‌ പു‍രുഷന്മാരുടെ പ്രണയത്തിന്‌ ഏര്‍പ്പെടുത്തിയ അത്ര തീവ്രമായ വിലക്ക്‌ നിലനിന്നിരുന്നില്ല. സ്ത്രീകളുടെ അപകടകരമായ സൗഹൃദത്തെ ബ്രിട്ടണ്‍ നിയമവിരുദ്ധമായി കണ്ടിരുന്നില്ല.

ഇതിന്‌ പ്രധാന കാരണമായി പറയുന്നത്‌ സ്ത്രീകള്‍ തമ്മിലുള്ള പ്രണയം ഈ ഒരു‍ ഘട്ടത്തിലേക്ക്‌ വളരുമെന്ന്‌ 1885വരെ ക്വീന്‍വിക്ടോറിയ വിശ്വസിച്ചിരുന്നില്ല. സ്ത്രീകള്‍ തമ്മില്‍ ലൈംഗികബന്ധമുണ്ടാകുമെന്ന്‌ അന്നത്തെ ബ്രിട്ടീഷ്‌ സമൂഹത്തിന്‌ വന്യമായ സ്വപ്നങ്ങളില്‍ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല, അന്നുവരെ.

ഭാരതീയ ജീവിത രീതിയുടെ ആദ്യ പ്രഖ്യാപിത നിയമമെഴുതിയ മനു തന്‍റെ നിയമാവലിയില്‍ പുരുഷന്മാര്‍ തമ്മി‍ലുള്ള പ്രണയത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. എന്നാല്‍സ്വവര്‍ഗാനുരാഗം നിയന്ത്രിക്കേണ്ടതാണെന്ന്‌ സൂചിപ്പിച്ചിരുന്നു‍.

ലൈംഗിക ബന്ധത്തിലെ ഒരു രീതി എന്ന നിലയില്‍ സ്വാനുരാഗത്തെ പരിഗണിച്ചിരുന്നെങ്കിലും മനുവിന്‍റെ കാലത്ത്‌ ഇതിനെ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല. സ്വവര്‍ഗ്ഗ ലൈംഗിക ബന്ധങ്ങള്‍ക്ക്‌ ശിക്ഷാവിധികളും മനു നിര്‍ണയിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയിലും സ്വവര്‍ഗ്ഗലൈംഗിക ബന്ധങ്ങള്‍ കുറ്റകരമാണ്‌. പ്രകൃതിവിരുദ്ധമായ സൗഹൃദങ്ങള്‍ എന്നാണ്‌ ഇത്തരം ബന്ധങ്ങളെ ഇന്ത്യന്‍ ശിക്ഷാനിയമം 377 പരിഗണിക്കുന്നത്‌. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം തടവ്‌ വരെ ലഭിക്കാവുന്നതാണ്‌ ഭരണഘടനപ്രകാരം ഈ സൗഹൃദം.

പ്രത്യുത്പാദന ഉദ്ദേശത്തോടെയല്ലാത്ത എല്ലാ ലൈംഗിക ബന്ധങ്ങളെയും കുറ്റകരമായികാണുന്ന മുന്നൂറ്റിഎഴുപത്തി ഏഴാം വകുപ്പ്‌ പരിഷ്കരിക്കണമെന്ന ആവശ്യവുമായി ഇന്ത്യയിലും ലെസ്ബിയന്‍ ,ഹോമോ സെക്ഷ്വല്‍ സംഘടനകള്‍ പരസ്യമായി രംഗത്ത്‌ വന്നിട്ടുണ്ട്‌.

പുരുഷനോ സ്ത്രീയോ ആയി ജനിക്കാത്ത മനുഷ്യരുടെ ലൈംഗിക സ്വാതന്ത്ര്യത്തെ നിയമം കുറ്റകരമായി കാണുന്നു എന്നാണ്‌ പുരോഗമനസംഘടനകളുടെ ന്നിലപാട്‌.



FILEFILE
സമൂഹം വാളെടുക്കുന്നു

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും അവകാശ പോരാട്ടങ്ങളും കേരളത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. എന്നാല്‍ പെണ്‍സൗഹൃദങ്ങളില്‍ ‘പ്രണയം’ കലരുന്നതിനെ അംഗീകരിക്കാനുള്ള വിശാലമനസ്കത മലയാളിക്ക്‌ വന്നിട്ടില്ല.

ലൈംഗികവിദ്യാഭ്യാസത്തിനുള്ള പഠ്യപുസ്തകങ്ങള്‍ അധ്യാപകര്‍ തന്നെ പരസ്യമായി കത്തിച്ചുകളയുമ്പോള്‍ കൂട്ടുകാരിയോടുള്ള പ്രണയം ഒളിപ്പിച്ച്‌ വച്ച്‌ ഇഷ്ടമല്ലാത്ത പുരുഷന്‌ മുന്നില്‍ തലകുനിച്ച്‌ നരകമായിത്തീരുന്ന ദാമ്പത്യം അനുഭവിക്കുന്നവര്‍ ഏറെയുണ്ട്‌. കൂട്ടുകാരിയോടുള്ള പ്രണയം പുറത്താകുമ്പോള്‍ ഭീകരമായ ശിക്ഷണ നടപടികള്‍ക്ക്‌ ഇടയാകുന്നവരും കുറവല്ല.

ഒന്നര ദശകങ്ങള്‍ക്ക്‌ മുമ്പാണ്‌ തിരുവന്തപുരത്തെ ഒരു പ്രധാന ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ ‘മാര്‍ട്ടീന നവരത്നലോവ’ ക്ലബ്‌ രൂപപ്പെട്ടത്‌. പെണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളില്‍ വിഖ്യാത ലെസ്ബിയന്‍ കായികതാരത്തിന്‌ ആരാധകരുണ്ടായത്‌ സ്കൂള്‍ അധികൃതരെ ഞെട്ടിക്കുക തന്നെ ചെയ്തു. ക്ലബ്ബിലെ എല്ലാ അംഗങ്ങളെയും സ്കൂളിലെ പുറത്താക്കി കൊണ്ടാണ്‌ പ്രിന്‍സിപ്പള്‍ വിദ്യാലയത്തില്‍ അച്ചടക്കം പുനസ്ഥാപിച്ചത്‌.

സ്കൂളില്‍ വച്ച്‌ പരസ്പരം മാലയിട്ട്‌ കല്യാണം കഴിക്കുന്നതിനായി അഭിനയിച്ചതിന്‌ രണ്ട്‌ പെണ്‍കുട്ടികളെ പുറത്താക്കിയ സംഭവത്തിനും വളരെ പഴക്കമുണ്ട്‌. മറ്റ്‌ കുട്ടികളെ കുടി ചീത്തയാക്കുമെന്ന ആരോപണവുമായ്‌ അവര്‍ സ്കൂളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടു.

തനുജ ചൗഹാന്‍റെയും ജയവര്‍മ്മയുടെയും ഒരുമിച്ചുള്ള ജീവിതം നരകതുല്യമായത്‌ അവരെ കുറിച്ച് ഒരു പത്രം വാര്‍ത്ത നല്‍കിയതോടെയാണ്‌. വിവാഹം കഴിച്ച്‌ അയല്‍ക്കാരുമായ സൗഹൃദത്തോടെ ജീവിച്ചിരുന്ന ആ പെണ്‍കുട്ടികളെ വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഗ്രാമം വിടാന്‍ നിര്‍ബന്ധിച്ചു.

ഗ്രാമീണ പെണ്‍കുട്ടികളായ ഊര്‍മ്മിളയുടെയും ശ്രീവാസ്ഥവയുടെയും സൗഹൃദവും ഏറെ മാധ്യമ ചര്‍ച്ചക്ക്‌ വിധേയമായതാണ്‌. മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നാല്‍പത്തിലേറെ സാക്ഷികള്‍ക്ക്‌ മുന്നിലാണ്‌ അവര്‍ വിവാഹിതരായത്‌.മാധ്യമങ്ങള്‍ അവരെ ലെസ്ബിയന്‍ ദമ്പതികള്‍ എന്ന്‌ ആഘോഷിച്ചതോടെ പൊതു സമൂഹം അവരേയും തിരസ്കരിക്കുകയായിരുന്നു.

സ്ത്രീകള്‍ തമ്മിലുള്ള പ്രണയം മാത്രമാണ്‌ മലയാളി സമൂഹം ആത്മവിമര്‍ശനപരമായി ചര്‍ച്ച ചെയ്യാനെങ്കിലും തയ്യാറാകുന്നത്‌. പുരുഷന്മാര്‍ തമ്മിലുള്ള ‘അതിരുവിടുന്ന സൌഹൃദം’ ഒരു സാമൂഹ്യപ്രശ്നമായി മലയാളിക്ക്‌ മുന്നില്‍ ഇതുവരെ അവതരിക്കപ്പെട്ടിട്ടില്ല.

കോഴിക്കോടന്‍ ബസ്റ്റാന്‍ഡുകളിലെ ‘ശല്യപ്പെടുത്തലുകള്‍ക്ക്‌’ അധികമായി ഇത്തരം ബന്ധങ്ങള്‍ വളര്‍ന്നിട്ടില്ലെന്നാണ്‌ മലയാളിയുടെ പൊതുവിശ്വാസം. പൊതുസമൂഹത്തിന്‍റെ പരിഹാസത്തില്‍ വീഴാതെ ഇത്തരം സൗഹൃദങ്ങളെ മറച്ചുവയ്ക്കാന്‍ പുരുഷന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്നതായിരിക്കാം യാഥാര്‍ത്ഥ്യം.

ഇത്തരം പ്രശ്നങ്ങളെ മാധ്യമങ്ങള്‍ ഇരട്ടത്താപ്പോടെയാണ്‌ സമീപിക്കുന്നത്‌. തിരസ്ക്കരിക്കപ്പെട്ടവരുടെ ‘സൗഹൃദവാര്‍ത്തകള്‍’ നല്‍കുന്നു എന്ന വ്യാജേന ഒരു ‘സെല്ലബിള്‍ സ്റ്റോറി’ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ ആത്മാര്‍ത്ഥത ഈ കൂട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.