പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ്: പന്തുമായി ചങ്ങാത്തം കൂടാന്‍ കാല്‍പന്തുകളിയിലെ അതികായന്മാര്‍ ഇന്ത്യയിലേക്ക്

Webdunia
ബുധന്‍, 13 ജൂലൈ 2016 (10:55 IST)
ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ മൈതാനത്തെ മാസ്മരിക പ്രകടനങ്ങള്‍ നേരിട്ട് കാണാന്‍ ഇന്ത്യക്കാര്‍ക്ക് അവസരമൊരുങ്ങുന്നു. പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ടീമിന്റെ മാര്‍ക്വീ താരങ്ങളായാണ് മുന്‍ ലോകോത്തര താരങ്ങള്‍ ഇന്ത്യയിലെത്തുന്നത്.
 
ജൂലൈ 15 മുതല്‍ 24 വരെയാണ് ഐ പി എല്‍ മോഡലില്‍ ഒരെ സമയം അഞ്ച് പേര്‍ കളിക്കുന്ന പ്രീമിയര്‍ ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ, മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെയാന്‍ ഗിഗ്‌സ്, മുന്‍ അര്‍ജന്റീനന്‍ താരം ഹെര്‍നാന്‍ ക്രസ്‌പോ, മുന്‍ ഇംഗ്ലീഷ് താരം പോള്‍ ഷോള്‍സ് എന്നീ കാല്‍പന്തുകളിയിലെ അതികായന്മാരാണ് ഇന്ത്യയിലേക്കെത്തുന്നത്.
 
കൊച്ചി അടക്കം ഇന്ത്യയിലെ എട്ട് നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവടങ്ങളില്‍ നിന്നാണ് മറ്റ് ടീമുകള്‍. ഇതില്‍ ഗോവ ടീമിന്റെ മാര്‍ക്വീ താരമായാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ എത്തുന്നത്. 
 
ഫുട്‌സാലിലെ പെലെ എന്നറിയപ്പെടുന്ന അലക്‌സാന്ദ്രോ റേസ വിയോറയെന്ന ഫല്‍ക്കാവോയണ് ചെന്നൈ മാര്‍ക്വീ താരം. സ്പാനിഷ് താരം മൈക്കല്‍ സല്‍ഗാഢോയാണ് കൊച്ചിയ്ക്കായി മൈതാനത്തെത്തുന്ന മാര്‍ക്വീ താരം. കൂടാതെ മുംബൈയ്ക്കായി ഗിഗ്‌സും കൊല്‍ക്കത്തയ്ക്കായി ക്രസ്‌പോയും ബംഗളൂരുവിനായി പോള്‍ ഷോള്‍സും മാര്‍ക്വീ താരങ്ങളാവും.
 
ഇന്ത്യയില്‍ പുതിയ പരീക്ഷണമായ പ്രീമിയര്‍ ഫുട്‌സാലില്‍ ഒരു ടീമില്‍ അഞ്ച് കളിക്കാര്‍ക്ക് പങ്കെടുക്കന്‍ കഴിയും. ഒരേ സമയം മാര്‍ക്വീ താരമടക്കം നാല് വിദേശികള്‍ക്കും ഒരു ഇന്ത്യന്‍ താരത്തിനുമാണ് കളിക്കാന്‍ സാധിക്കുക. നാല്‍പ്പതു മിനിറ്റായിരിക്കും കളിയുടെ ദൈര്‍ഘ്യം. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article