സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രി ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ ആരാധകരോട് മാപ്പ് ചോദിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സിനെ പരാജയപ്പെടുത്തുകയായിരുന്നു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അഞ്ച് പരിശ്രമങ്ങളും ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍, ഫ്രാന്‍സിന് നാല് കിക്കുകള്‍ മാത്രമേ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞുള്ളൂ. ഫ്രാന്‍സിന് വേണ്ടി അവസാന കിക്ക് എടുത്തത് കിലിയന്‍ എംബാപ്പെയാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളി എംബാപ്പെയുടെ ഷോട്ട് തടയുകയായിരുന്നു.
ഈ ദിവസം മറക്കാന്‍ സാധിക്കുന്നില്ലെന്ന് എംബാപ്പെ മത്സരശേഷം പറഞ്ഞു. 'ലക്ഷ്യം കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഞാന്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ടീമിനെ സഹായിക്കുകയായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍, ഞാന്‍ പരാജയപ്പെട്ടു. ഈ രാത്രി ഉറങ്ങാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടും. എന്നാല്‍, ഒരു മത്സരത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ ഇതൊക്കെയാണ്. നിങ്ങളെല്ലാവരും നിരാശരാണെന്ന് എനിക്കറിയാം. നിങ്ങള്‍ ഇതുവരെ നല്‍കിയ എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി. പ്രതിസന്ധികളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് പോരാടുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിജയികളായ സ്വിറ്റ്‌സര്‍ലന്‍ഡിന് എല്ലാവിധ ആശംസകളും,' എംബാപ്പെ പറഞ്ഞു.