"ബ്ലാസ്റ്റേഴ്സ്" സീസൻ കഴിഞ്ഞു, കയ്യിൽ കപ്പുകളില്ല, ആളൊഴിഞ്ഞ മൈതാനങ്ങളും കടങ്ങളും ബാക്കി

അഭിറാം മനോഹർ
തിങ്കള്‍, 17 ഫെബ്രുവരി 2020 (15:59 IST)
ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ ആദ്യ മത്സരത്തിൽ ഒരു സൂപ്പർ വിജയവുമായാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ തങ്ങളുടെ ഐഎസ്എൽ സീസൺ ആരംഭിച്ചത്.പ്രതിഭാശാലികളായ കളിക്കാരും  നേതൃപാടവമുള്ള കോച്ചും തുടങ്ങി വിജയത്തിനാവശ്യമായ എല്ലാം ഉണ്ടായിട്ടും ഇത്തവണയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെച്ചത്. എന്നാൽ സീസൺ കഴിയുമ്പോൾ കിരീടനേട്ടത്തേക്കാൾ ഉപരി ബ്ലാസ്റ്റേഴ്സിനായി ആർത്തുവിളിച്ചിരുന്ന കാണികളുടെ കൂട്ടത്തേയും നഷ്ടപ്പെടുത്തിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്.
 
ബെംഗളൂരു എഫ്.സി.ക്കെതിരേ ശനിയാഴ്ച കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയത് വെറും 7754 പേരാണ്.ആദ്യ നാലു സീസണുകളിലും കാണികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുനിന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കാണാൻ ഇത്തവണ 1,57,641 കാണികളാണ് എത്തിയത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത് വർധനയാണെങ്കിലും മുൻ കാലങ്ങളിൽ നിറന്നുകവിഞ്ഞിരുന്ന സ്റ്റേഡിയത്തെ താരതമ്യപ്പെടുത്തുമ്പോൾ കപ്പ് മാത്രമല്ല കാണികളും നഷ്ടമാകുന്നു എന്നതിന്റെ സൂചനകളാണ്. 
 
ഐ.എസ്.എൽ. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കാണികളുടെ ശരാശരി 49111ഉം രണ്ടാം സീസണിൽ ഇത് 52008ഉം ആയിരുന്നു.മൂന്നാം സീസണിലും 49343 ശരാശരി ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നു. എന്നാൽ നാലാം സീസണിൽ ഇത് 31743 ആയും അഞ്ചാം സീസണിൽ ഇത് 17125 ആയും കുത്തനെ കൂപ്പുകുത്തി.17515 ആണ് ഇത്തവണത്തെ ശരാശരി.
 
മത്സരത്തിൽ വിജയിക്കുന്നതിലും കപ്പ് നേടുന്നതിലുമുപരിയായി ടീമിന്റെ തുടർച്ചയായുള്ള  മോശം പ്രകടനമാണ് കാണികളെ ടീമിൽ നിന്നും അകറ്റന്നത്.കൊൽക്കത്തയ്ക്കെതിരായ ആദ്യ മത്സരം കാണാൻ 36298 പേരെത്തിയ ഇടത്തുനിന്നാണ് തുടർപരാജയങ്ങൾ പതിവായപ്പോൾ കാണികളുടെ എണ്ണം അവസാന മത്സരമെത്തുമ്പോൾ 7754 ആയി കുപ്പുകുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article