Kerala Blasters: ഐഎസ്എല്‍ പത്താം സീസണിന് വിജയത്തോടെ തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ശക്തരായ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് തോല്‍വിക്ക് ബെംഗളൂരുവിനോട് പകരംവീട്ടി ആരാധകരെ ആവേശത്തിലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
കളി ആരംഭിച്ച ആദ്യ മിനിറ്റ് മുതല്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. എന്നാല്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറക്കുന്നത്. ബെംഗളൂരു താരം കെസിയ വീണ്ടോര്‍പ്പിന്റെ ഓണ്‍ ഗോളാണ് കേരളത്തിനു ലീഡ് സമ്മാനിച്ചത്. 69-ാം മിനിറ്റില്‍ ബെംഗളൂരു ഗോളിയുടെ പിഴവ് മുതലെടുത്ത് അഡ്രിയാന്‍ ലൂണ കേരളത്തിനായി രണ്ടാം ഗോള്‍ നേടി. കളി തീരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ കര്‍ട്ടിസ് മെയിനിലൂടെ ബെംഗളൂരു ആശ്വാസ ഗോള്‍ നേടി.