കൊച്ചിയിൽ വന്ന് ജയിച്ച് പോകാൻ ഗോവയ്ക്ക് അനുവാദമില്ല, നാല് ഗോളിൽ പുതച്ച് കൊമ്പന്മാർ

അഭിറാം മനോഹർ

തിങ്കള്‍, 26 ഫെബ്രുവരി 2024 (15:32 IST)
Kerala Blasters
ഐഎസ്എല്‍ കണ്ട എക്കാലത്തെയും മികച്ച ത്രില്ലര്‍ മത്സരങ്ങളിലൊന്നില്‍ ഗോവ എഫ് സിയെ 4-2ന് തകര്‍ത്ത് കൊമ്പന്മാര്‍. ആദ്യപകുതിയില്‍ 2 ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളടിച്ച് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 2023-24 സീസണില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 16 കളികളില്‍ 29 പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. തൊട്ടുപിന്നിലുള്ള എഫ് സി ഗോവയ്ക്ക് 28 പോയന്റുകളാണുള്ളത്. ഐഎസ്എല്ലിലെ ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ 3 തോല്‍വികള്‍ക്ക് ശേഷമുള്ള കൊമ്പന്മാരുടെ ശക്തമായ മടങ്ങിവരവാണിത്.
 
മത്സരം കിക്കോഫ് കഴിഞ്ഞ് 17 മിനിറ്റുകള്‍ക്കിടെ തന്നെ എഫ് സി ഗോവ കൊച്ചിയില്‍ തങ്ങളുടെ ലീഡ് ഉറപ്പിച്ചിരുന്നു. 7,17 മിനിറ്റുകളിലായിരുന്നു ഗോവയുടെ ഗോളുകള്‍. 23മത് മിനുറ്റില്‍ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് കാര്യമായ ശ്രമങ്ങളൊന്നും തന്നെ ആദ്യപകുതിയില്‍ നടത്തിയില്ല. ഇതോടെ ആദ്യപകുതി 20ന് അവസാനിച്ചു.
 
എന്നാല്‍ രണ്ടാം പകുതി തുടങ്ങി 51മത് മിനുറ്റില്‍ കേരളബ്ലാസ്‌റ്റേഴ്‌സിനായി ഫ്രീകിക്കിലൂടെ ദൈസുക സകായ് ലക്ഷ്യം കണ്ടു. ദിമിയെ ഒഡേയ് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഫ്രീകിക്ക്. 78മത് മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഡയമന്റക്കോസ് ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഗോവയ്ക്ക് ഒപ്പമെത്തി. തുടര്‍ന്ന് ലീഡ് എടുക്കാനുള്ള അവസരം ഗോവന്‍ താരങ്ങള്‍ പാഴാക്കി. എന്നാല്‍ 84മത് മിനുറ്റില്‍ ദിമിത്രോസ് ഡമന്റക്കോസും 88മത് മിനുറ്റില്‍ ഫെദോര്‍ ചെര്‍ണിച്ചും സൂപ്പര്‍ ഫിനിഷിംഗിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് 4-2ന്റെ വിജയം സമ്മാനിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍