ഐ എസ് എൽ മൂന്നാം സീസൺ ഫൈനലിന് വേദിയാകുന്നതോടെ കൊച്ചിക്കു ലഭിക്കുന്നത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഫൈനല്‍ വേദിയായി തിരഞ്ഞെടുത്ത കാര്യം വെള്ളിയാഴ്ച നടന്ന യോഗത്തിന് ശേഷം ഐഎസ്എല്‍ ഗവേണിങ് ബോഡിയാണ് അറിയിച്ചത്. സീസണില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ ടീമാണ് ബ്ലാസ്റ്റേഴ്സ്.
ഫുട്ബോളിനു വേരോട്ടമുള്ള മിക്കവാറും രാജ്യങ്ങളിൽ ഫൈനലിന്റെ തൽസമയ സംപ്രേഷണമുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അണ്ടർ 17 ലോകകപ്പിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചിക്ക് അതിനു മുൻപു സ്വന്തം സൗകര്യങ്ങളും അനുകൂല ഘടകങ്ങളും ഫുട്ബോൾ ഭരണക്കാർക്കു മുന്നിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും. ഈ മാസം പതിനെട്ടിനാണ് ഫൈനൽ.
കൊച്ചിക്കൊപ്പം കൊൽക്കത്തയായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും കൊച്ചിയെ തിരഞ്ഞെടുത്തതിന്റെ പിന്നിലെ കാരണം കേരളത്തിലെ ഫുട്ബോൾ പ്രേമികൾ തന്നെ. വിജയത്തിലും തോൽവിയിലും ഒരുപോലെ ബ്ലാസ്റ്റേഴ്സിനൊപ്പം നിന്ന ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ് സച്ചിൻ ടെണ്ടുൽക്കറുടെ ടീമിന്റെ ഹോം സ്റ്റേഡിയത്തെ ഫൈനൽ വരെ എത്തിച്ചത്. ആദ്യ സീസണില്‍ മുംബൈയും രണ്ടാം സീസണില്‍ ഗോവയുമാണ് ഫൈനല്‍ പോരാട്ടത്തിന് വേദിയൊരുക്കിയത്. ഫിഫ ലോകകപ്പിനായി ഒരുങ്ങുന്ന കൊച്ചി സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന 65000-ത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
തീവ്രമായി ഫുട്ബോളിനെ സ്നേഹിക്കുന്ന കാണികളാണു കേരളത്തിന്റെ ഏറ്റവും വലിയ അനുകൂല ഘടകം. നല്ല ഫുട്ബോളിനുവേണ്ടി കയ്യടിക്കുന്ന ഊർജസ്വലരായ കാണികൾ നിറയുന്നൊരു വേദിയെ അവഗണിക്കാനാവില്ലെന്നു തിരിച്ചറിയുകയായിരുന്നു ഐഎസ്എൽ സംഘാടകർ. ഞായറാഴ്ച നടക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് മത്സരത്തിലെ വിജയത്തോടെ സെമി ബെര്‍ത്ത് ഉറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.