ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൂടുതല്‍ കരുത്തു നേടിക്കൊണ്ട് എഫ്സി പുണെ സിറ്റി കളം മുറുക്കുന്നു. തങ്ങളുടെ ടീമില്‍ രണ്ട് പുതിയ ഇംഗ്ലിഷ് താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പുണെ എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. ഇംഗ്ലിഷ് ക്ലബ് പോർട്സ്മൗത്തിന്റെ മുൻ ലെഫ്റ്റ് ബായ്ക്ക് നിക്കി ഷോറി, സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ സ്റ്റോപ്പർ സ്റ്റീവ് സൈമൺസൺ എന്നിവരാണു പുണെ ടീമിലെത്തുന്നത്.
നേരത്തെ കോസ്റ്ററിക്കൻ സ്റ്റാർ സ്ട്രൈക്കർ യെൻഡ്രിക് റൂയിസിനെ പുണെ ടീമിലെടുത്തിരുന്നു. അതിനു പിന്നാലെയാണ് അടുത്ത രണ്ട് വിദേശ താരങ്ങളെ എടുത്തിരിക്കുന്നത്. ഇംഗ്ലിഷ് ക്ലബ്ബുകളായ റീഡിങ്, വെസ്ബ്രോം ആൽബിയൻ, ആസ്റ്റൺ വില്ല, പോർട്സ്മൗത്ത് എന്നിവയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് നിക്കി ഷോറി.
റീഡിങ്ങിന്റെ എക്കാലത്തെയും മികച്ച ലെഫ്റ്റ് വിങ് ബായ്ക്ക് ആയി തെരഞ്ഞെടുക്കപ്പെട്ട താരമാണ് ഇദ്ദേഹം. സ്റ്റീവ് സൈമൺസൺ ഇംഗ്ലിഷ് ക്ലബ്ബായ സ്റ്റോക്ക് സിറ്റി, റേഞ്ചേഴ്സ് തുടങ്ങിയ ടീമുകളില്‍ കളിച്ചിട്ടുണ്ട്. സ്റ്റോക്ക് സിറ്റിക്കുവേണ്ടി 150ൽ ഏറെ മൽസരങ്ങൾ കളിച്ചു. ഇരുവരുടെയും സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നണ് പുണെയുടെ പ്രതീക്ഷ.