ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിന് നാളെ തുടക്കം. നാളെ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും മുംബയ്സിറ്റി എഫ്സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴുമണിക്കാണ് ഇന്ത്യൻ ഫുട്ബോളിന് മാറ്റം കുറിച്ച് കൊണ്ട് നടത്തപ്പെടുന്ന സൂപ്പർലീഗിന് കിക്കോഫ് കുറിക്കുന്നത്.
ഇന്ത്യൻ സൂപ്പർലീഗ് ഇന്ത്യൻ ഫുട്ബോളിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതുവരെ ലോകത്തിന് മുന്നില്‍ ഫുട്ബോളില്‍ ഒന്നും തെളിയിക്കാത്ത ഇന്ത്യക്ക് തീര്‍ച്ചയായും മൃതസഞ്ജീവനി തന്നെയാണ്. സീക്കോയെയും മറ്റാരാസിയെയും ഡേവിഡ് ജയിംസിനെയും പോലുള്ളവർ കളി പഠിപ്പിക്കാനും അലേസാന്ദ്രേ ഡെൽപിയറോ, നിക്കോളാസ് അനൽക്കെ, ഫ്രെഡി ല്യുങ്ബർഗ്, ഡേവിഡ് ട്രെസഗെ എന്നിവരെ പോലുള്ളവർ കളിക്കാരായും വരുമ്പോൾ ഇന്ത്യന്‍ ഫുട്ബോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്.
എട്ട് ടീമുകളാണ് ഡിസംബർ വരെ നീളുന്ന പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തുരുട്ടാൻ ഇറങ്ങുന്നത്. കേരള ബ്ളാസ്റ്റേഴ്സ് , അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, ചെന്നൈയിൻ എഫ്സി , ഡൽഹി ഡൈനാമോസ്, എഫ്സി ഗോവ, പൂനെ എഫ്സി, മുംബയ് സിറ്റി എഫ്സി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളില്‍ പന്ത് തട്ടാനൊരുങ്ങുന്നത്.