യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കും പോര്‍ച്ചുഗലിനും തോല്‍വി. ശക്തരായ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ തോറ്റത്. ജര്‍മനിയെ സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെടുത്തി. ക്വാര്‍ട്ടറിലെ വിജയത്തോടെ സ്‌പെയിനും ഫ്രാന്‍സും യൂറോ കപ്പിന്റെ സെമി ഉറപ്പിച്ചു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ നേടാതെ വന്നതോടെയാണ് പോര്‍ച്ചുഗല്‍ vs ഫ്രാന്‍സ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് ഫ്രാന്‍സിന്റെ ജയം. പോര്‍ച്ചുഗലിന് വേണ്ടി മൂന്നാമത്തെ കിക്കെടുത്ത ജോ ഫെലിക്‌സ് അവസരം പാഴാക്കി. മറുവശത്ത് ഫ്രാന്‍സ് അഞ്ച് അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചു. കളിക്കിടെ ലഭിച്ച മികച്ച അവസരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയത് പോര്‍ച്ചുഗലിന് തിരിച്ചടിയായി.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെ സ്‌പെയിന്‍ vs ജര്‍മനി മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. സ്‌പെയിനു വേണ്ടി ഡാനി ഒല്‍മോയും ജര്‍മനിക്കു വേണ്ടി ഫ്‌ളോറിയന്‍ റിറ്റ്‌സുമാണ് നിശ്ചിത സമയത്ത് ഗോള്‍ നേടിയത്. മത്സരം അധിക സമയത്തിലേക്ക് എത്തിയപ്പോള്‍ ലോങ് വിസിലിനു ഏതാനും മിനിറ്റുകള്‍ മുന്‍പ് മികേല്‍ മെറിനോ സ്‌പെയിനു വേണ്ടി വിജയഗോള്‍ നേടി.