പാഴാക്കിയ പെനാൽട്ടിയ്ക്ക് ലോകകപ്പിൻ്റെ വില, ഇത്തവണയും ലോകകപ്പ് ഇംഗ്ലണ്ടിലേക്കില്ല

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (09:02 IST)
ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെതിരെ ഇംഗ്ലണ്ടിന് തോൽവി. സൂപ്പർ താരങ്ങളടങ്ങിയ ഇരുടീമുകളും തമ്മിൽ കൊമ്പുകോർത്ത മത്സരം ആദ്യ മിനുട്ട് മുതൽ അവസാന മിനിട്ടുവരെ ആവേശകരമായിരുന്നു. ഫ്രാൻസിൻ്റെ തോളോടുതോൾ നിൽക്കാനായെങ്കിലും നായകൻ ഹാരി കെയ്ൻ പെനാൽട്ടി പാഴാക്കിയത് ഇംഗ്ലണ്ടിന് വിനയായി.
 
മത്സരത്തിൻ്റെ പതിനേഴാം മിനുട്ടിൽ കരുത്തുറ്റ റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാൻസിനായി ആദ്യം വല കുലുക്കിയത്. തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള ഇംഗ്ലണ്ടിൻ്റെ ശ്രമം 54ആം മിനുട്ടിൽ ഹാരി കെയ്നിൻ്റെ പെനാൽട്ടിയിലൂടെ ലക്ഷ്യം കണ്ടു. എംബാപ്പെയുടെ കാലിൽ നിരന്തരം പന്ത് കിട്ടാതിരുന്ന മത്സരത്തിൽ ആൻ്റോയിൻ ഗ്രീസ്മാനായിരുന്നു ഫ്രാൻസിൻ്റെ എഞ്ചിൻ. 78ആം മിനുട്ടിൽ ഒളിവർ ജിറൂഡാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ച ഫ്രാൻസിൻ്റെ വിജയഗോൾ സ്വന്തമാക്കിയത്.
 
82ആം മിനുട്ടിൽ തിയോ ഫെർണാണ്ടസിനെ അനാവശ്യമായി തള്ളിയിട്ടതിന് ഇംഗ്ലണ്ടിന് പെനാൽട്ടി ലഭിച്ചു. ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ ഏറെ ആവശ്യമായിരുന്ന പെനാൽട്ടി നായകൻ ഹാരി കെയ്ൻ തന്നെയാണ് എടുക്കാൻ തയ്യാറായത്. എന്നാൽ വലിയ മത്സരങ്ങളിലെ സമ്മർദ്ദം കെയ്നിനെ പിടികൂടിയതോടെ പന്ത് ലക്ഷ്യമില്ലാതെ ഗാലറിയെ നോക്കി പറന്നു. പിന്നീട് സമനില പിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഇംഗ്ലണ്ടിനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article