യുവേഫ പ്ലെയർ ഓഫ് ദ ഇയർ ചുരുക്കപട്ടിക പുറത്ത്, ഡി ബ്രൂയിൻ,ജോർജീഞ്ഞോ,കാന്റെ എന്നിവർ ലിസ്റ്റിൽ

Webdunia
വെള്ളി, 20 ഓഗസ്റ്റ് 2021 (15:26 IST)
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക യുവേഫ പുറത്തുവിട്ടു. ഈ മാസം 26ന് ഇസ്‌താംബൂളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍, ചെല്‍സിയുടെ ജോര്‍ജീഞ്ഞോ, എന്‍ഗോളോ കാന്റെ എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
 
2020-21 സീസണിലെ ദേശീയ ടീമിലെയും ക്ലബിലെയും പ്രകടനങ്ങൾ പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ജേതാവായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അഞ്ചാം സ്ഥാനത്തും ലയണൽ മെസ്സി നാലാം സ്ഥാനത്താണ്. മറ്റൊരു സ്റ്റാർ ഫു‌ട്‌ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒൻപതാം സ്ഥാനത്താണ്.
 
 ലീകെ മെര്‍ട്ടന്‍സ്, അലക്‌സിയ പ്യുറ്റേയാസ്, ജെനിഫര്‍ ഹെര്‍മോസോ എന്നിവരാണ് വനിതാ പ്ലെയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്.മൂന്ന് പേരും ബാഴ്‌സലോണയുടെ താരങ്ങളാണ്. മികച്ച പരിശീലകനായുള്ള മത്സരത്തിൽ  ഇറ്റലിയെ യൂറോപ്യന്‍ ചാംപ്യന്മാരാക്കിയ റോബര്‍ട്ടോ മാന്‍ചീനി, ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ തോമസ് ടുഷേല്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രിമിയര്‍ ലീഗ് കിരീടത്തിലെത്തിച്ച പെപ് ഗാര്‍ഡിയോള എന്നിവരാണുള്ളത്.
 
യൂറോകപ്പില്‍ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗാരാജ്യങ്ങളില്‍ നിന്നുള്ള 55 ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article