കോപ്പ അമേരിക്കയിലെ മികച്ച താരത്തിനുള്ള പുരസ്കാരം അര്‍ജന്റീനയുടെ നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി നിരസിച്ചു. ഇതോടെ, ട്രോഫി സമര്‍പ്പണ ചടങ്ങില്‍നിന്ന് സംഘാടകര്‍ മികച്ച താരത്തിനുള്ള അവാര്‍ഡും എടുത്തുമാറ്റി. ഫൈനല്‍ മത്സരം പൂര്‍ത്തിയായശേഷം മികച്ച താരത്തിനുള്ള പുരസ്കാരം സംഘാടകര്‍ വേദിയില്‍ നിന്ന് മാറ്റുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പരക്കുന്നത്.
മെസിയായിരുന്നു ടൂര്‍ണമെന്‍റിലെ മികച്ച താരമായത്. എന്നാല്‍, ഒരു ഗോള്‍ മാത്രം നേടുകയും അര്‍ജന്‍റീനക്ക് കിരീടം നഷ്ടമാവുകയും ചെയ്ത സാഹചര്യത്തില്‍ മികച്ച താരത്തിനുള്ള ട്രോഫി ഏറ്റുവാങ്ങാന്‍ അര്‍ജന്റീനയുടെ നായകന്‍ എത്തുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ലായിരുന്നു. ഇതേതുടര്‍ന്ന്, മൈതാനത്തെ വേദിയിലത്തെിച്ച പുരസ്കാരം സംഘാടകര്‍ എടുത്തുമാറ്റി. ചിലിക്കെതിരായ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ എവര്‍ ബനേഗ കിക്ക് പാഴാക്കിയ ഉടനെയാണ് സംഭവം നടന്നത്.
കോപ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ചിലിയോട് പരാജയപ്പെട്ടതില്‍ മെസി തീര്‍ത്തും നിരാശനായിരുന്നു. റണ്ണേഴ്‌സ്അപ്പ് മെഡല്‍ വാങ്ങി മടങ്ങുമ്പോള്‍ അതിവേഗത്തില്‍ മെഡില്‍ ഊരിനീക്കുന്ന മെസിയെ ആണ് എല്ലാവരും കണ്ടത്. അര്‍ജന്‍റീനക്ക് കിരീടം നഷ്ടമായ സാഹചര്യത്തില്‍ വ്യക്തിഗത സമ്മാനം വേണ്ടെന്ന് മെസി തീരുമാനിച്ചിരുന്നുവെന്നാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രൂപ്പ് റൗണ്ടില്‍ പരഗ്വേക്കെതിരെ നേടിയ ഒരു ഗോള്‍ മാത്രമാണ് മുന്‍ ലോകതാരത്തിന്‍െറ നേട്ടം.