ഡെര്‍ബി പോരാട്ടത്തില്‍ സമനില; ഓരോ ഗോളടിച്ച് അര്‍ജന്റീനയും ബ്രസീലും

Webdunia
ശനി, 14 നവം‌ബര്‍ 2015 (09:19 IST)
ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്‌ക്കായി എസക്വിയല്‍ ലെവസിയും കാനറികള്‍ക്കായി ലുകാസ് ലിമയാണ് ഗോള്‍ നേടിയത്.

അര്‍‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണേഴ്‌സ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ മുന്നേറ്റമാണ് കണ്ടത്. മെസി ഇല്ലാതിരിന്നിട്ടും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയും ഗോള്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചും അര്‍ജന്റീന ബ്രസീലിനെ ഞെട്ടിച്ചു. 34മത് മിനിറ്റില്‍ എയ്‌ഞ്ചല്‍ ഡി മരിയയില്‍ നിന്ന് ലഭിച്ച പാസ് ലെവസി യാതൊരു പിഴവും കൂടാതെ ബ്രസീലിന്റെ വലയില്‍ കോരിയിടുകയായിരുന്നു. ആദ്യ പകുതിയില്‍ ലഭിച്ച ഗോളില്‍ അരജന്റീന പ്രതിരോധത്തിലേക്കു നീങ്ങുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബ്രസീലിന്റെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. 58മത് മിനുട്ടിലായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. കോസ്റ്റയുടെ ഹെഡര്‍ ബാറില്‍ തട്ടി തിരിച്ചു പോന്നു. എന്നാല്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്ത് ലിമ പിഴവ് കൂടാതെ ഗോളാക്കി മാറ്റുകയായിരുന്നു. അവസാന നിമിഷം പരുക്കനായ കളിയാണ് കാണാന്‍ കഴിഞ്ഞത്. കളി അവസാനിക്കാന്‍ രണ്ടുമിനുട്ട് ശേഷിക്കെ ബ്രസീലിന്റെ ഡേവിഡ് ലൂയിസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകുകയും ചെയ്തു.