Copa America 2024: സമീപകാലത്തെ ഏറ്റവും മോശം കളിയിലും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷകനായി എത്തിയപ്പോള്‍ അര്‍ജന്റീന കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍. ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തേണ്ടിവന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് അര്‍ജന്റീനയുടെ ജയം.
ഷൂട്ടൗട്ടില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കി. മെസിയുടെ ഷോട്ട് മുകളിലെ ബാറില്‍ തട്ടി പുറത്തേക്ക് പോകുകയായിരുന്നു. മെസിക്ക് ശേഷം കിക്കെടുത്ത നാല് പേരും അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ അര്‍ജന്റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് സേവ് ചെയ്തു.
ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി അര്‍ജന്റീന മുന്നിലെത്തിയതാണ്. 35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിലൂടെയാണ് അര്‍ജന്റീന ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഇക്വഡോറിന് ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ നിര്‍ഭാഗ്യവും എമിലിയാനോ മാര്‍ട്ടിനെസും ഇക്വഡോറിന്റെ ഗോള്‍ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിക്കാന്‍ ഇക്വഡോറിനു സാധിച്ചില്ല. ഒടുവില്‍ മത്സരം കഴിയാന്‍ ഏതാനും മിനിറ്റുകള്‍ ശേഷിക്കെ എക്‌സ്ട്രാ ടൈമില്‍ കെവിന്‍ റോഡ്രിഗസിലൂടെ ഇക്വഡോര്‍ സമനില ഗോള്‍ നേടി. തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.