അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോയാണ് ഗോള്‍ കീപ്പറായ എമി മാര്‍ട്ടിനെസ്. ലോകകപ്പിലെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായകമായ സേവുകള്‍ പലതും നടത്തിയ എമിയുടെ ബലത്തിലാണ് നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം ആല്‍ബിസെലസ്റ്റകള്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ബ്രസീല്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിലും കയ്യടികള്‍ നേടുകയാണ് എമി.
ഇക്കുറി കളിക്കളത്തിന് പുറത്ത് എമി നടത്തിയ ഇടപെടലിനാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി ലഭിക്കുന്നത്. ബ്രസീല്‍ അര്‍ജന്റീന ആവേശപോരാട്ടം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഗാലറിയില്‍ ആരാധകര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയുടെ ദേശീയഗാനം ആലപിക്കുന്നതിനിടെ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെ അര്‍ജന്റൈന്‍ ആരാധകര്‍ അവര്‍ ഇരിക്കുന്ന ഭാഗത്തെ ബ്രസീല്‍ ബാനര്‍ കീറിയതോടെയാണ് കൂട്ടത്തല്ലായി മാറിയത്.
തര്‍ക്കം മൂത്തതോടെ ഇടപെട്ട ബ്രസീലിയന്‍ പോലീസ് ആര്‍ജന്റീനന്‍ ആരാധകര്‍ക്ക് നേരെ ലാത്തിവീശുകയായിരുന്നു. ഈ സാഹചര്യത്തില്‍ ലയണല്‍ മെസ്സിയടക്കമുള്ള അര്‍ജന്റൈന്‍ താരങ്ങള്‍ കൂട്ടമായി ആരാധകര്‍ക്ക് അടുത്തെത്തുകയായിരുന്നു. ഇതിനിറ്റെ അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പോലീസിന്റെ കയ്യില്‍ നിന്നും ലാത്തി വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ വലിയ കയ്യടിയാണ് എമിക്ക് ലഭിക്കുന്നത്.