കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയുടെ രക്ഷകനായി അവതരിച്ചത് ഏഞ്ചല്‍ ഡി മരിയയാണ്. ബ്രസീലിനെതിരെ ആദ്യ പകുതിയില്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ ലാറ്റിന്‍ അമേരിക്കന്‍ രാജാക്കന്‍മാര്‍ ആക്കിയത്. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ എന്നും ഓര്‍ക്കപ്പെടുന്ന ഒരു ഗോള്‍ ആണ് അത്. എന്നാല്‍, ഡി മരിയ ആ ഗോള്‍ നേടിയത് നീരുവന്ന് വീര്‍ത്തുമുട്ടിയ കാലുമായാണ്. ഡി മരിയയുടെ ജീവിത പങ്കാളി ജോര്‍ജെലിന കാര്‍ഡോസോയാണ് ഇക്കാര്യം പങ്കുവച്ചത്.
പരുക്കേറ്റ കാലുമായാണ് ഡി മരിയ ബ്രസീലിനെതിരെ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങിയത്. കാലില്‍ നീരുണ്ടായിരുന്നു. അസഹനീയമായ വേദനയുണ്ടായിരുന്നു. എങ്കിലും രാജ്യത്തിനുവേണ്ടി ആ വേദനകളെയെല്ലാം നിസാരമായി കണ്ടു ഡി മരിയ. കോപ്പ അമേരിക്ക ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള ഡി മരിയയുടെ കാലിന്റെ ചിത്രമാണ് ജോര്‍ജെലിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. രണ്ടാം പകുതിയുടെ 33-ാം മിനിറ്റിലാണ് ഡി മരിയയെ പിന്‍വലിച്ചത്. ശക്തമായ കാലുവേദനയെ തുടര്‍ന്നാണ് ഡി മരിയയെ പിന്‍വലിക്കേണ്ടി വന്നതെന്നും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാല്‍ നിലത്തു കുത്താന്‍ പോലും ഡി മരിയയ്ക്ക് പിന്നീട് സാധിച്ചിരുന്നില്ല. ഡി മരിയയുടെ ഇടത് കാലിലാണ് പരുക്ക്.