വിജയാഘോഷത്തിനിടെ ബ്രസീലിനെ പരിഹസിച്ച് സഹതാരം; വിലക്കി മെസി, ഒപ്പം അഗ്വീറോയും

തിങ്കള്‍, 12 ജൂലൈ 2021 (13:54 IST)
കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് ലിയോണല്‍ മെസിയും സംഘവും മാരക്കാനയില്‍ നടത്തിയ ആഹ്ലാദപ്രകടനം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. തന്റെ രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര കിരീടം നേടാന്‍ സാധിച്ചതില്‍ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി വളരെ സന്തുഷ്ടനാണ്. കിരീടവും കൈയിലേന്തി ഒരു കൊച്ചു കുട്ടിയെ പോലെ ആര്‍ത്തുല്ലസിക്കുകയായിരുന്നു മെസി. എന്നാല്‍, എതിരാളികളെ മുറിപ്പെടുത്തുന്ന വാക്കോ പ്രവര്‍ത്തിയോ ഈ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ മെസിയില്‍ നിന്നുണ്ടായില്ല. ഫൈനലില്‍ ജയിച്ച ശേഷം ബ്രസീല്‍ താരവും തന്റെ സുഹൃത്തുമായ നെയ്മറിനെ മെസി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
ആഹ്ലാദപ്രകടനത്തിനിടെ അര്‍ജന്റീന താരം ഡി പോള്‍ ബ്രസീലിനെ പരിഹസിക്കുന്ന തരത്തില്‍ എന്തോ പറയുന്നു. അത് കേട്ടതും നായകന്‍ മെസി ഇടപെട്ടു. എതിര്‍ ടീമിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മെസി വിലക്കുന്നുണ്ട്. അര്‍ജന്റീന ടീമിലെ മറ്റൊരു സീനിയര്‍ താരം സെര്‍ജിയോ അഗ്വീറോയും മെസിക്കൊപ്പം ചേര്‍ന്ന് ഡി പോളിനെ വിലക്കുന്നത് വീഡിയോയില്‍ കാണാം. 
 


കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ നിര്‍ണായക ഗോളാണ് അര്‍ജന്റീനയുടെ വിജയമൊരുക്കിയത്. ലിയോണല്‍ മെസി കോപ്പ അമേരിക്കയിലെ മികച്ച താരവും ടോപ് സ്‌കോററുമായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍