അര്‍ജന്റീനയുടെ ഐതിഹാസിക ലോകകപ്പ് നേട്ടത്തിനു ഒരു വര്‍ഷം; GOAT ചര്‍ച്ചകള്‍ അവസാനിച്ച ദിനം !

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (11:08 IST)
2022 നവംബര്‍ 18, കളര്‍ ടിവി യുഗത്തില്‍ ലോകകപ്പ് ഇല്ലാത്ത ടീമെന്ന പരിഹാസത്തിനു അര്‍ജന്റീന മറുപടി കൊടുത്ത ദിനം. ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ 4-2 നാണ് അര്‍ജന്റീന ജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയപ്പോള്‍ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ കൂടി കണ്ടെത്തി. ഇതോടെ മത്സരം 3-3 എന്ന നിലയിലായി. പിന്നീട് വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു. 
 
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി. ഫ്രഞ്ച് താരം കിങ്സ്ലി കോമന്റെ ഷോട്ട് മാര്‍ട്ടിനെസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്ത് പോയി. അര്‍ജന്റീനയ്ക്ക് വേണ്ടി ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേഡസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. 
 
രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷമാണ് അര്‍ജന്റീന രണ്ട് ഗോളുകള്‍ വഴങ്ങിയത്. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസി ആദ്യ ഗോള്‍ നേടി. 36-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ ഉഗ്രന്‍ ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. ഇതിനു മറുപടിയായി 80, 81 മിനിറ്റുകളില്‍ ഫ്രാന്‍സിന്റെ ഗോള്‍ എത്തി. കിലിയെന്‍ എംബാപെയിലൂടെയായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 
 
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയതോടെ മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീങ്ങി. അവിടെയും ആദ്യം ലീഡ് നേടിയത് അര്‍ജന്റീന. 108-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ഗോള്‍. അതിനു മറുപടിയായി 118-ാം മിനിറ്റില്‍ എംബാപെയിലൂടെ ഫ്രാന്‍സ് പെനാല്‍റ്റി ഗോള്‍ നേടി. ഒടുവില്‍ വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ! 
 
അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് വിജയമായിരുന്നു ഖത്തറിലേത്. ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസി സ്വന്തമാക്കി. ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനുള്ള ഗോള്‍ഡന്‍ ബൂട്ട് കിലിയെന്‍ എംബാപെയ്ക്ക്. മികച്ച ഗോളിക്കുള്ള ഗോള്‍ഡല്‍ ഗ്ലൗ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസും സ്വന്തമാക്കി. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article