മെസ്സിയും സ്കലോണിയും തമ്മിൽ സ്വരചേർച്ചയില്ല, സൂപ്പർ കോച്ച് റയൽ മാഡ്രിഡിലേയ്ക്കെന്ന് റിപ്പോർട്ടുകൾ

വെള്ളി, 8 ഡിസം‌ബര്‍ 2023 (17:05 IST)
ലോകഫുട്‌ബോളില്‍ ഒരു വര്‍ഷത്തിനുള്ളിലാണ് സാധ്യമായ എല്ലാ നേട്ടങ്ങളും അര്‍ജന്റീനന്‍ ദേശീയ ടീം സ്വന്തമാക്കിയത്. ഏറെ വര്‍ഷങ്ങളായി അന്യം നിന്ന കോപ്പ അമേരിക്ക കിരീടവും ലോകകപ്പ് കിരീടനേട്ടവും ഒരു വര്‍ഷത്തിന്റെ ഇടവേളയിലാണ് അര്‍ജന്റീനയിലെയ്‌ക്കെത്തിയത്. ലയണല്‍ മെസ്സി,ഡി മരിയ പോലുള്ള വമ്പന്‍ താരങ്ങള്‍ ഏറെക്കാലമായി ടീമിലുണ്ടായിരുന്നുവെങ്കിലും അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്കയും ലോകകിരീടവും സ്വന്തമാക്കാനായി ലയണല്‍ സ്‌കലോണി എന്ന സൂപ്പര്‍ കോച്ചിന്റെ സേവനം ആവശ്യമായി വരികയായിരുന്നു.
 
എന്നാല്‍ അര്‍ജന്റൈന്‍ ഫുട്‌ബോളിനെ സുവര്‍ണ്ണകാലത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണി വൈകാതെ തന്നെ ടീം പരിശീലകസ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. 2018 മുതല്‍ അര്‍ജന്റീന പരിശീലകനായ സ്‌കലോണി 2026 വരെ ടീമില്‍ തുടരുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങള്‍ എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ബോര്‍ഡുമായുള്ള പ്രശ്‌നവും ടീമിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായുള്ള അസ്വാരസ്യങ്ങളും സ്‌കലോണിയുടെ തീരുമാനം നേരത്തെയാക്കുന്നുവെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ആരാധകര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് മെസ്സിയും താരങ്ങളും കളിക്കളം വിട്ട് പുറത്തുവന്നത് സ്‌കലോണിയോട് ചോദിക്കാതെയാണ്. ഇത് കോച്ചിങ്ങ് സ്റ്റാഫിനിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകകപ്പ് വിജയിച്ചതിന് ശേഷം പ്രഖ്യാപിച്ച ബോണസ് ഇതുവരെയും കോച്ചിംഗ് സ്റ്റാഫുകള്‍ക്ക് ലഭിച്ചിട്ടില്ല.ഇതെല്ലാം തന്നെ കോച്ചിംഗ് ടീമിനുള്ളില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 2024ല്‍ വരുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റോടെ സ്‌കലോണി പരിശീലക സ്ഥാനം ഒഴിയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ സ്‌കലോണിയെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് സജീവമായി രംഗത്തുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍