ബാഴ്‌സയ്‌ക്കും ആഴ്സണലിനും ജയം

Webdunia
വ്യാഴം, 14 ഓഗസ്റ്റ് 2008 (15:19 IST)
PROPRD
സ്പാനിഷ് മുന്‍ ചാമ്പ്യന്‍‌മാരാ‍യ ബാഴ്‌സിലോണ, ഇംഗ്ലീഷ് ചാമ്പ്യന്‍മാരായിരുന്ന ആഴ്സണല്‍, ഇറ്റാലിയന്‍ ചാമ്പ്യന്‍‌മാരായിരുന്ന യുവന്‍റസ് എന്നിവര്‍ ചാമ്പ്യന്‍സ് ലീഗ് മൂന്നാം റൌണ്ട് യോഗ്യതാ മത്സരത്തില്‍ വിജയങ്ങളുമായി മുന്നോട്ട് പോയി. എന്നാല്‍ ഇംഗ്ലീഷ്ക്ലബ്ബ് ലിവര്‍പൂളിന് സമനിലയായിരുന്നു ഫലം.

ജോസഫ് ഗ്വാര്‍ഡിയോള പുതിയ പരിശീലകനായ ശേഷം മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സിലോണ 4 - 0 നാണ് എതിരാളികളായ പോളണ്ട് ക്ലബ്ബ് വിസ്ലാ ക്രാക്കോവിനെ പരാജയപ്പെടുത്തിയത്. എറ്റുവിന്‍റെ ഇരട്ട ഗോളുകളും തിയറി ഹെന്‍‌റി, സാവി എന്നിവരുടെ ഗോളുകളുമായിരുന്നു മുന്‍ ചാമ്പ്യന്‍‌മാരെ വിജയത്തിലേക്ക് നയിച്ചത്.

ഇറ്റാലിയന്‍ പ്രമുഖരായ യുവന്‍റസിനും വമ്പന്‍ ജയമാണ് ലഭിച്ചത്. 4-0 ന് സ്ലോവേനിയയിലെ ചാമ്പ്യന്‍ ക്ലബ്ബ് ആര്‍ട്ട് മീഡിയാ ബ്ലാറ്റിസ്ലാവയെ 4-0 നു തകര്‍ത്ത് വിട്ടു. മൌറോ കമൊറാന്നെസി, അലക്‍സാന്ദ്രോ ദെല്‍ പിയറോ, ജോര്‍ജ്ജി ചില്ലെനി, നിക്കോളാ ലെഗ്രോട്ടാഗ്ലി എന്നിവരായിരുന്നു ഇറ്റാലിയന്‍ ക്ലബ്ബിന്‍റെ സ്കോറര്‍മാര്‍.

ആഴ്സണല്‍ ഡച്ചുകാരായ ട്വന്‍റിയെയാണ് മറികടന്നത്. മുന്‍ ഇംഗ്ലീഷ് പരിശീലകന്‍ മക്ലാരന്‍ പരിശീലിപ്പിക്കുന്ന ട്വന്‍റി എഫ് സി യെ 2-0 നായിരുന്നു ആഴ്സണല്‍ മറികടന്നത്. ഫ്രഞ്ച്താരം വില്യം ഗള്ളാ‍സും മുന്നേറ്റക്കാരന്‍ ടോഗോയുടെ ഇമ്മാനുവല്‍ അഡെബായോറും രണ്ടാം പകുതിയില്‍ കണ്ടെത്തിയ ഗോളുകള്‍ ആയിരുന്നു ഹോളണ്ടില്‍ നടന്ന മത്സരത്തില്‍ തോല്‍ക്കാതെ ഇംഗ്ലീഷ് ക്ലബ്ബിനെ പിടിച്ചു നിര്‍ത്തിയത്. എന്നാല്‍ ലിവര്‍പൂള്‍ നിരാശപ്പെടുത്തി.

ബല്‍ജിയത്തില്‍ അവിടുത്തെ പ്രമുഖരായ സ്റ്റാന്‍ഡാര്‍ഡ് ലീഗിനെ നേരിട്ട ക്ലബ്ബ് ഗോളടിക്കാതെ കളി അവസാനിപ്പിച്ചു. പുതിയ കരാറില്‍ ലിവര്‍പൂളില്‍ എത്തിയ റോബി കീന്‍റെ ആദ്യ മത്സരമായിരുന്നു ഇത്.