ബാഴ്സലോണ സെമിയില്‍

Webdunia
ശനി, 31 ജനുവരി 2009 (10:10 IST)
ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ഫുട്‌ബോളിന്‍റെ സെമിഫൈനലില്‍ കടന്നു. ഇന്നലെ നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് എസ്പാന്യോളിനെയാണ് ബാഴ്സ കീഴടക്കിയത്. മറ്റൊരു മല്‍‌സരത്തില്‍ വലന്‍സിയെ തോല്‍പ്പിച്ച് സെവിയയും സെമിയില്‍ പ്രവേശനം നേടിയിട്ടുണ്ട്.

ബൊയാന്‍ കിര്‍ക്കിച്ചിന്‍റെ ഇരട്ടഗോളാണ് ബാഴ്‌സക്ക് തുടക്കത്തിലേ മുന്‍തൂക്കം നല്‍കിയത്. 35, 48 മിനിറ്റുകളിലാണ് കിക്കിച്ച് ഗോളുകള്‍ നേടിയത്. ജെറാഡ് പിക്വെ അമ്പത്തിയാറാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിലാണ് എസ്പാന്യോള്‍ രണ്ട് ഗോളുകളും തിരിച്ചടിച്ചത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെവിയ ചാമ്പ്യന്‍‌മാരായ വലന്‍സിയയെ തോല്പിച്ചത്. ആദ്യ പാദത്തില്‍ വലന്‍സിയ 3-2ന് ജയിച്ചിരുന്നു. എന്നാല്‍ എവേ ഗോള്‍ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സെവിയ സെമി ടിക്കറ്റ് നേടിയത്.